‘കൊലയ്ക്ക് പിന്നില്‍ വിവാഹം മുടങ്ങിയതിന്റെ പകയോ?; ഫെബിന്റെ സഹോദരിയുമായി തേജസിന്റെ കല്യാണം ഉറപ്പിച്ചിരുന്നു’

Mar 18, 2025

കൊല്ലം: ഉളിയക്കോവില്‍ കോളജ് വിദ്യാര്‍ഥി ഫെബിനെ തേജസ് രാജ് കൊലപ്പെടുത്തിയത് വിവാഹം മുടങ്ങിയതിന്റെ പകയില്‍ എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫെബിന്റെ സഹോദരിയുമായി നീണ്ടകര സ്വദേശിയായ തേജസിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഫെബിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ തര്‍ക്കമായി. ഇതിന്റെ പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.

തേജസ് ലക്ഷ്യമിട്ട് ഫെബിന്റെ സഹോദരിയെയാണോ എന്നും പൊലീസിന് സംശയമുണ്ട്. ഫെബിന്റെ സഹോദരിയും തേജസും സഹപാഠികളാണ്. തുടര്‍ന്ന് അടുപ്പത്തിലായ ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബങ്ങള്‍ തമ്മില്‍ ധാരണയായി. അതിനിടെ പെണ്‍കുട്ടിക്ക് ജോലി കിട്ടിയതിന് പിന്നാലെ ഫെബിന്റെ കുടുംബം തേജസ് രാജുമായുള്ള കല്യാണത്തില്‍ നിന്ന് പിന്മാറുകയായിരുന്നു എന്നാണ് അയല്‍വാസികളുടെ മൊഴികളില്‍ നിന്ന് വ്യക്തമാകുന്നതെന്നും പൊലീസ് പറയുന്നു.

സൗഹൃദം മുറിഞ്ഞതും വിവാഹം മുടങ്ങിയതിലുമുള്ള വൈരാഗ്യമാകാം തേജസ് രാജിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കരുതുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ കൊലപാതകം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയായ ഫെബിന്‍ ജോര്‍ജ് ഗോമസിനെ തേജസ് രാജ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് വെളുത്ത കാറില്‍ ഫെബിന്റെ വീട്ടില്‍ തേജസ് എത്തിയത്. കയ്യില്‍ കത്തി കരുതിയിരുന്ന തേജസ്, ബുര്‍ഖ ധരിച്ച ശേഷം വീട്ടുമുറ്റത്തേയ്ക്കു കയറി. രണ്ടു കുപ്പി പെട്രോളും തേജസ് കയ്യില്‍ കരുതിയിരുന്നു.

ഫെബിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേയ്ക്കു ഇറങ്ങിയതോടെ പദ്ധതി മാറി. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫെബിനെ നെഞ്ചില്‍ കുത്തിവീഴ്ത്തി. തടയാന്‍ ശ്രമിച്ച പിതാവ് ജോര്‍ജ് ഗോമസിനും അക്രമണത്തില്‍ പരുക്കേറ്റു.

കൊലപാതകത്തിനു ശേഷം കത്തി ഉപേക്ഷിച്ച തേജസ്, കാറില്‍ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. മൂന്നു കിലോമീറ്റര്‍ അകലെ ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിനു താഴെ വാഹനം നിര്‍ത്തിയ തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി തേജസ് ജീവനൊടുക്കി.

LATEST NEWS
മൂന്ന് മാസത്തിനിടെ കൈക്കൂലി കേസില്‍ വിജിലന്‍സ് കൈയോടെ പൊക്കിയത് 23 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ

മൂന്ന് മാസത്തിനിടെ കൈക്കൂലി കേസില്‍ വിജിലന്‍സ് കൈയോടെ പൊക്കിയത് 23 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ

തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 18 വരെ 23 സര്‍ക്കാര്‍ ജീവനക്കാരെ...