ജയിക്കാൻ 92 വർഷം കാത്തിരുന്നു ഈജിപ്റ്റ്!

Jun 22, 2026

വാൻകൂവർ: ഒരു ​ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 3 ​ഗോളുകൾ തിരിച്ചടിച്ച് ഈജിപ്റ്റ് ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ​ഗ്രൂപ്പ് ജി പോരാട്ടത്തിൽ അവർ ന്യൂസിലൻഡിനെ 1-3നു വീഴ്ത്തി ചരിത്രമെഴുതി. ജയത്തോടെ ​ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയ അവർ നോക്കൗട്ട് പ്രതീക്ഷകളും സജീവമാക്കി. ​ഗ്രൂപ്പ് ജിയിൽ ഇത്തവണ ആദ്യ ജയം സ്വന്തമാക്കുന്ന ടീമും ഈജിപ്റ്റ് തന്നെ.

1934 മുതൽ ലോകകപ്പ് കളിക്കുന്ന ഈജിപ്റ്റ് ചരിത്രത്തിലാദ്യമായാണ് വിശ്വ പോരാട്ടത്തിൽ ജയം സ്വന്തമാക്കുന്നത്. കാത്തിരുന്നത് ഒന്നും രണ്ടും വർഷം അല്ല നീണ്ട 92 വത്സരങ്ങൾ വേണ്ടി വന്നു അവർക്ക് ലോകകപ്പിൽ ഒരു മത്സരം ജയിക്കാൻ‌!

മുസ്തഫ സികോ, മുഹമ്മദ് സല, മഹ്‌മൂദ് ട്രെസഗെ എന്നിവരാണ് ഈജിപ്റ്റിനായി വല ചലിപ്പിച്ചത്. ഫിന്‍ സര്‍മാന്റെ ഗോളില്‍ 15ാം മിനിറ്റില്‍ തന്നെ ന്യൂസിലന്‍ഡ് കളിയില്‍ ലീഡെടുത്തിരുന്നു. 58, 67, 82 മിനിറ്റുകളിലാണ് ഈജിപ്റ്റിന്റെ മറുപടി ഗോളുകള്‍.

ഇരു ഭാഗത്തു നിന്നും പ്രസ്സിങ്ങും കൗണ്ടർ പ്രസ്സിങ്ങുമായാണ് മത്സരം ആരംഭിച്ചത്. 57ാം മിനിറ്റ് വരെ ഈജിപ്റ്റ് പിന്നിലായിരുന്നു. പിന്നീടാണ് അവർ തിരിച്ചു വന്നത്. ആദ്യ 10 മിനിറ്റിൽ ന്യൂസിലൻഡും ഈജിപ്റ്റും തുടരെ ആക്രമണങ്ങളുമായി കളം നിറഞ്ഞു. കാര്യമായ ഗോളവസരങ്ങൾ ഒരുക്കാനായില്ലെന്നു മാത്രം,

14ാം മിനിറ്റിലാണ് ന്യൂസിലൻഡിന് മത്സരത്തിലെ ആദ്യത്തെ മികച്ച അവസരം ലഭിച്ചത്. ഇലിജ ജസ്റ്റിന്റെ ഷോട്ട് ഈജിപ്റ്റ് ഗോളി മുസ്തഫ ഷോബിർ രക്ഷപ്പെടുത്തിയത് ഏറെ പ്രയാസപ്പെട്ട്. ഇതിന് ലഭിച്ച കോർണറിൽ നിന്നാണ് ആദ്യ ഗോളിന്റെ പിറവി. ടിം പൈനെ എടുത്ത കോർണർ ഒരു ബുള്ളറ്റ് ഹെഡറിലൂടെ വലയിലാക്കി ഫിൻ സർമാനാണ് ന്യൂസിലൻഡിന് ലീഡ് സമ്മാനിച്ചത്.

ഗോൾ നേടിയതോടെ ന്യൂസിലൻഡ് തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഫലപ്രദമായി പ്രതിരോധിച്ച് ഈജിപ്ഷ്യൻ പ്രതിരോധം പിടിച്ചു നിന്നു. ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ഈജിപ്റ്റ് കഠിന പ്രയ്ത്‌നം നടത്തിയെങ്കിലും ന്യൂസിലൻഡും പ്രതിരോധം കടുകട്ടിയാക്കി നിന്നു. ഒന്നാം പകുതിയിൽ ന്യൂസിലൻഡ് ലീഡുമായി പിരിഞ്ഞു.

രണ്ടാം പകുതിയിൽ ഈജിപ്റ്റ് ജയം പിടിക്കണമെന്നു കൃത്യമായി കണക്കുകൂട്ടി തന്നെയാണ് ഇറങ്ങിയത്. പന്തിൽ നിയന്ത്രണം കൂടുതൽ നിർത്തുക എന്നതായിരുന്നു ഈജിപ്റ്റിന്റെ തന്ത്രം. അവർ ഏതാണ്ട് അക്കാര്യത്തിൽ വിജയിക്കുകയും ചെയ്തു. പിന്നീട് ഈജിപ്റ്റ് കളം നിറയുകയായിരുന്നു. 58ാം മിനിറ്റിൽ മുസ്തഫ സിക്കോയിലൂടെ അവർ ഗോൾ മടക്കി. മുഹമ്മദ് ഹാനി ബോക്‌സിലേക്ക് നൽകിയ ലോങ് ബോൾ സിക്കോ മിന്നും ഹെഡറിലൂടെ വലയിലാക്കി.

67ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സല ടീമിനു രണ്ടാം ​ഗോൾ സമ്മാനിച്ചു. സിക്കോയുമൊത്തുള്ള ഒരു വൺ ടു മുന്നേറ്റത്തിനൊടുവിൽ ബോക്‌സിൽ വച്ച് പന്ത് സ്വീകരിച്ച സല അനായാസം സ്കോർ ചെയ്തു. ലീഡ് പിടിച്ചതോടെ ഈജിപ്റ്റ് ​ഗോൾ ശ്രമം തുടരുന്നത് നിർത്തിയില്ല. പിന്നാലെ 82ാം അതിന്റെ ഫലവും വന്നു. ഇത്തവണ മഹ്‌മൂദ് ട്രെസെഗെ വല ചലിപ്പിച്ചതോടെ ന്യൂസിലൻ‍ഡിന്റെ തിരിച്ചു വരവ് അസാധ്യമായി.

cake tower new
LATEST NEWS