ഡോ ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ ഈ മാസം 20 ന് തിയറ്ററുകളിലെത്തും. അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ച ചിത്രമാണ് ‘ഓറഞ്ച് മരങ്ങളുടെ വീട്.’ മലയാളത്തിന്റെ അനശ്വര അഭിനയ പ്രതിഭകളായ നെടുമുടി വേണുവും പി ബാലചന്ദ്രനും ഒരുമിച്ച് വെള്ളിത്തിരയിലെത്തിയ അവസാന ചിത്രവുമാണിത്.
മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിൽ എത്തിച്ച വിഖ്യാതനായ ചലച്ചിത്രകാരനായ ഡോ ബിജുവിന്റെ ഏറെ പുതുമയുള്ള ചിത്രമാണ് ഓറഞ്ച് മരങ്ങളുടെ വീട്. ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ സാമുവൽ (നെടുമുടി വേണു), തനിക്ക് എവിടെയോ നഷ്ടപ്പെട്ടുപോയ സ്വന്തം ആത്മാവിന്റെ ഒരു ഭാഗം തേടുകയാണ്.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മകൻ ഡേവിസിന്റെ (പ്രകാശ് ബാരെ) നിർബന്ധത്തിനു വഴങ്ങി നഗരത്തിലെ ഒരു ഫ്ലാറ്റിൽ കഴിയേണ്ടിവരുന്ന അയാൾക്ക് ജീവിതം വീർപ്പുമുട്ടലാകുന്നു. ഒരു അപകടത്തെത്തുടർന്ന് സാമുവൽ ആശുപത്രിയിലാകുന്നതോടെ ഡേവിസും മകൻ സ്റ്റീവും (ഗോവർദ്ധനൻ) നാട്ടിലെത്തുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആശുപത്രി കിടക്കയിൽ നിന്ന് സാമുവൽ അപ്രത്യക്ഷനാകുന്നു.
കൂട്ടിന് കൊച്ചുമകൻ സ്റ്റീവും. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. നഷ്ടപ്പെടുന്ന വേരുകളും, തലമുറകൾ തമ്മിലുള്ള സംഘർഷവും, പ്രകൃതിയുമായുള്ള ആത്മബന്ധവും ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്ന റോഡ് മൂവിയാണ് ചിത്രമെന്ന് സംവിധായകൻ ഡോ ബിജു വ്യക്തമാക്കി.
പ്രായമാകുന്ന മനുഷ്യരോട് നമ്മൾ എങ്ങനെ പെരുമാറുന്നു, അവരുടെ ഓർമ്മകളെയും ആഗ്രഹങ്ങളെയും, സ്വാതന്ത്ര്യത്തെയും എത്ര മാത്രം മാനിക്കുന്നു എന്ന ചോദ്യമാണ് സിനിമ ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവി നൊമാഡ്സ് – സിലിക്കൺ മീഡിയ എന്നിവയുടെ ബാനറിൽ, ഇൻവിസ് മൾട്ടിമീഡിയയുടേയും വിസ്റ്റ വിഎഫ്എക്സിന്റെയും സിംഗപ്പൂർ കൈരളി ഫിലിം ഫോറത്തിന്റെയും സഹകരണത്തോടെ സിറാജ് ഷാ,
വിജയശ്രീ ബിജുകുമാർ, ഉഷാദേവി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. സഹ നിർമ്മാതാവ് – എംജി രാധാകൃഷ്ണൻ ഉണ്ണിത്താൻ. ഛായാഗ്രഹണം – യദു രാധാകൃഷ്ണൻ, എഡിറ്റിംഗ് – ഡേവിസ് മാനുവൽ, കലാസംവിധാനം – അജയൻ വി കാട്ടുങ്കൽ, സംഗീതം – സന്തോഷ് ചന്ദ്രൻ. പിആർഒ – പിആർ സുമേരൻ.



















