‘ലോക’യെ വീഴ്ത്തുമെന്ന് പറഞ്ഞു വന്നു; നാലാം നാള്‍ മൂക്കും കുത്തി വീണ് ‘ഭഭബ’; കളക്ഷന്‍ റിപ്പോര്‍ട്ടുകളിങ്ങനെ

Dec 22, 2025

ദിലീപ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഭഭബ. ബോക്‌സ് ഓഫീസിലേക്കുള്ള ദിലീപിന്റെ ശക്തമായ തിരിച്ചുവരവാകും ഭഭബ എന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ ശേഷമുള്ള ദീലിപിന്റെ സിനിമ എന്ന നിലയിലും വലിയ ഹൈപ്പായിരുന്നു ചിത്രത്തിന് ആരാധകര്‍ നല്‍കിയിരുന്നത്.

വലിയ വരവേല്‍പ്പു തന്നെയാണ് ദിലീപ് ആരാധകര്‍ സിനിമയ്ക്ക് നല്‍കിയത്. മോഹന്‍ലാലിന്റെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയിരുന്നു. ആദ്യ ദിവസം വലിയ കളക്ഷന്‍ നേടാന്‍ സാധിച്ചുവെങ്കിലും റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ഭഭബ ബോക്‌സ് ഓഫീസില്‍ വീഴുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

ട്രേഡ് ട്രാക്കേഴ്‌സിന്റെ അഭിപ്രായത്തില്‍ ഭഭബ ബോക്‌സ് ഓഫീസ് പരാജയത്തിലേക്കാണ് നീങ്ങുന്നത്. സ്പൂഫ് മോഡില്‍ കഥ പറയുന്ന സിനിമ, പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയാണെന്നാണ് പലരുടേയും വിലയിരുത്തല്‍. പഴയ ശൈലി വിട്ടുവെന്ന് പറയുമ്പോഴും കാലത്തിനൊത്ത് ഉയരാന്‍ ദിലീപിന് സാധിച്ചിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണം.

റിലീസിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ ബുക്ക് മൈ ഷോയില്‍ ഭഭബയുടെ 68000 ടിക്കറ്റുകളാണ് വില്‍ക്കപ്പെട്ടത്. ആദ്യ ദിവസം ഒരു ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റുപോയിടത്താണ് ഈ വീഴ്ചയെന്നത് ശ്രദ്ധേയമാണ്. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായ ലോകയെ പോലും മറി കടക്കുമെന്നായിരുന്നു നേരത്തെ ദിലീപ് ആരാധകരുടെ അവകാശവാദം. എന്നാല്‍ ചിത്രത്തിന് മുന്നിലുള്ളത് വലിയ പരാജയമാണെന്നാണ് കരുതപ്പെടുന്നത്.

അമ്പത് കോടിയോളമാണ് ഭഭബയുടെ ബജറ്റെന്നാണ് കരുതപ്പെടുന്നത്. ചിത്രം ഇതിനോടകം നേടിയത് 35 കോടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കുറഞ്ഞത് 70 കോടിയെങ്കിലും നേടാതെ ചിത്രം വിജയമാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷെ നിലവിലെ സാഹചര്യത്തില്‍ 50 കോടി തന്നെ വലിയ സ്വപ്‌നമാണെന്നും അവര്‍ പറയുന്നു. അതേസമയം ചിത്രത്തിലെ ചില രംഗങ്ങള്‍ക്കും കടുത്ത വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിന് ആസ്പദമായ സംഭവത്തെ ചിത്രത്തില്‍ പരോക്ഷമായി പരിഹസിക്കുന്നുണ്ടെന്നാണ് ചിലരുടെ ആരോപണം. ദിലീപിനെതിരെ കേസ് വന്ന സമയത്ത് പൃഥ്വിരാജ് നടത്തിയ പ്രതികരണത്തേയും ചിത്രത്തില്‍ പരിഹസിക്കുന്നതായി വിമര്‍ശനമുണ്ട്. മോഹന്‍ലാലിന്റെ അതിഥി വേഷവും വിജയ് സിനിമകളുടെ റഫറന്‍സുകളുമൊന്നും ചിത്രത്തിന് രക്ഷയായില്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

LATEST NEWS
നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവം; ജീവനക്കാരിക്ക് ദാരുണാന്ത്യം

നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവം; ജീവനക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന...