ഹംസ അലി മസാരിയായി രൺവീർ സിങ് തകർത്തഭിനയിച്ച ചിത്രമാണ് ധുരന്ധർ. 1300 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു. മാർച്ച് 19 ന് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ധുരന്ധർ ദ് റിവഞ്ച് റിലീസിനെത്തും. ചിത്രത്തിന്റെ അടുത്തിടെ പുറത്തുവന്ന ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ആദ്യ ഭാഗത്തിനേക്കാൾ സ്വീകാര്യത രണ്ടാം ഭാഗത്തിന് കിട്ടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ. ധുരന്ധർ 2 വിന്റെ റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഒടിടി അവകാശത്തെ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരിക്കുകയാണിപ്പോൾ. മെയ് 14 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസിനെത്തുമെന്നാണ് വിവരം.
രൺവീർ സിങ് അവതരിപ്പിക്കുന്ന ജസ്കിരത് സിങ് രംഗി എന്ന കഥാപാത്രത്തിലൂടെയാണ് ധുരന്ധർ 2 സഞ്ചരിക്കുന്നത്. സാറ അർജുൻ, ആർ മാധവൻ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ തുടങ്ങി വൻ താരനിരയാണ് ധുരന്ധറിൽ അണിനിരന്നത്. 835 കോടിയാണ് ധുരന്ധർ ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. ആദ്യ ദിനത്തിൽ 200 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്. സ്പൈ ത്രില്ലറായെത്തിയ ചിത്രം കഴിഞ്ഞ വർഷം ഡിസംബറിലാണ് തിയറ്ററുകളിലെത്തിയത്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ധുരന്ധർ 2 റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ആദ്യഭാഗം റീ റിലീസിന് എത്തിയിരുന്നു.


















