ദുബൈ: രണ്ട് വയസുകാരനായ കുട്ടിയെ തല്ലിയെന്ന പരാതിയിൽ പ്രതിക്ക് പിഴ ശിക്ഷ. ദുബൈയിലെ മിസ്ഡിമെനർ കോടതിയാണ് പ്രതിക്ക് 1000 ദിർഹം ശിക്ഷ വിധിച്ചത്. പ്രതിയുടെ മകളെ ശല്യപ്പെടുത്തിയതാണ് മർദ്ദനത്തിന് കാരണമായി പറയുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സംഭവം നടന്നത്. ഷോപ്പിംഗ് മാളിലെ പ്ലേ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കെ ഏഷ്യൻ പൗരന്റെ രണ്ട് വയസുകാരനായ ആൺകുട്ടിയെ യൂറോപ്യൻ പൗരനായ വ്യക്തി അടിക്കുക ആയിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവ് ഓടി വന്നു. ആ സമയം കൊണ്ട് പ്രതി കടന്നു കളഞ്ഞു എന്നാണ് പരാതി.
എന്നാൽ കുട്ടിയെ യൂറോപ്യൻ പൗരൻ തല്ലുന്നത് കണ്ടെന്നും,അടി കൊണ്ട് കുട്ടി തെറിച്ചു പോയി മതിലിൽ ഇടിക്കുക ആയിരുന്നു എന്നുമാണ് കുട്ടിയുടെ അച്ഛൻ നൽകിയ മൊഴി.എന്നാൽ, മകളെ ശല്യം ചെയ്യുന്നത് കണ്ടപ്പോൾ കുട്ടിയെ തള്ളി മാറ്റുക മാത്രമാണ് ചെയ്തത്. കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നും കുട്ടിയുടെ പിതാവ് തന്നെ ആക്രമിക്കാൻ ശ്രമിച്ചു എന്നും പ്രതി വാദിച്ചു. മെഡിക്കൽ പരിശോധന റിപ്പോർട്ടിൽ കുട്ടിയുടെ ദേഹത്ത് പരിക്കുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അതെ സമയം കുട്ടിയെ തള്ളിയിട്ടത് കുറ്റകരമാണെന്ന് കോടതി നീരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് 1000 ദിർഹം പിഴ ശിക്ഷ വിധിച്ചത്.