കാസർകോട്: ബേക്കൽ മൗവലിൽ വൈദ്യുതി ലൈനിൽ തട്ടി റഫ്രിജറേറ്റർ ലോഡുമായി പോവുകയായിരുന്ന കൂറ്റൻ കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു. ലോറിയിലുണ്ടായിരുന്ന അമ്പതോളം വലിയ റഫ്രിജറേറ്ററുകളിൽ മുപ്പതിലധികവും പൂർണ്ണമായി കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.കോഴിക്കോട് നിന്ന് കർണാടകയിലെ ഉടുപ്പിയിലേക്ക് റഫ്രിജറേറ്ററുകളുമായി പോകുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ബേക്കൽ മേൽപ്പാലം അറ്റകുറ്റപ്പണികളുടെ ഭാഗമായി തീരദേശ സംസ്ഥാന പാതയിൽ ചൊവ്വാഴ്ച രാവിലെ മുതൽ ഗതാഗതം തിരിച്ചുവിട്ടിരുന്നു. തുടർന്ന് കണക്ഷൻ റോഡായ പാലക്കുന്ന്–മൗവ്വൽ വഴി പള്ളിക്കര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് മൗവ്വലിൽ വെച്ച് കൂറ്റൻ കണ്ടെയ്നർ റോഡിന് കുറുകെയുണ്ടായിരുന്ന വൈദ്യുതി ലൈനിൽ തട്ടിയത്.വൈദ്യുതി പ്രവഹിച്ച് ലോറിക്ക് ഉടൻ തീപ്പിടിക്കുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവറും ക്ലീനറും വണ്ടി നിർത്തി പുറത്തേക്ക് ചാടിയതിനാൽ ഇരുവരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകൾ മണ്ണുമാന്തി യന്ത്രത്തിന്റെ (ജെസിബി) സഹായത്തോടെ കണ്ടെയ്നറിന്റെ വശങ്ങൾ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉള്ളിൽ കത്തുന്ന നിലയിലായിരുന്ന റഫ്രിജറേറ്റർ ബോക്സുകൾ ഓരോന്നായി പുറത്തേക്ക് വലിച്ചിട്ട് തുടർച്ചയായി വെള്ളം ചീറ്റിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ഒന്നര മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായി അണയ്ക്കാനായത്.



















