ആഭ്യന്തര വിമാന നിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് കമ്പനികള്‍

Dec 10, 2024

ഡല്‍ഹി: ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വരാനൊരുങ്ങുന്ന മലയാളികൾക്ക് തിരിച്ചടിയായി ആഭ്യന്തര വിമാന നിരക്ക് വര്‍ധന. ജനുവരി ആറു വരെ മൂന്നിരട്ടിയാണ് വിമാന കമ്പനികൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.

ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതൽ 29,000 വരെയാണ്. 22,000 രൂപയിൽ താഴെ നേരിട്ടുള്ള സർവീസില്ല. പുലർച്ചെയുള്ള ഒന്നോ രണ്ടോ വിമാനങ്ങൾ മാത്രമാണ് 22,000 രൂപക്ക് ലഭിക്കുക. ബാക്കി സമയങ്ങളിൽ 29000 രൂപ വരെ നിരക്ക് വരുന്നുണ്ട്. ചെന്നൈയോ ബെംഗളൂരുവോ വഴി പോകാനും ഏറ്റവും കുറഞ്ഞത് 16,000 രൂപയാകും. 20,000 രൂപ മുതലാണ് ജനുവരിയിൽ കൊച്ചിയിൽ നിന്ന് ഡൽഹിക്ക് നേരിട്ടുള്ള വിമാന നിരക്കുകൾ. കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ലാതായതോടെ നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികൾക്ക് യാത്ര ബുദ്ധിമുട്ടിലാകും. ദിവസേന കേരളത്തിലേക്കു സർവീസ് നടത്തുന്ന കേരള, മംഗള-ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനുകളിൽ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലാണ്. ഡിസംബർ 15നു ശേഷം തേഡ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളും കിട്ടാനില്ല.

LATEST NEWS