സൗദിയിലേക്കുള്ള സര്‍വീസുകള്‍ക്ക് നിയന്ത്രണം; 17 വരെ വിമാനങ്ങള്‍ റദ്ദാക്കി

Oct 14, 2026

seena

ഡല്‍ഹി: സൗദി അറേബ്യയില്‍ ആക്രമണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ സൗദിയിലെ പ്രധാന നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 17 വരെ റദ്ദാക്കി ഇന്ത്യന്‍ വിമാന കമ്പനികള്‍. ആക്രമണങ്ങളില്‍ ജാഗ്രത പാലിക്കാനും പ്രാദേശിക അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും റിയാദിലെ ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു.

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍ എന്നിവ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചു. ഇന്‍ഡിഗോ മദീനയിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും, അതത് എയര്‍ലൈനുകളുടെ നയമനുസരിച്ച് ടിക്കറ്റ് തുക തിരികെ നല്‍കുന്നതിനോ യാത്ര പുനഃക്രമീകരിക്കുന്നതിനോ സൗകര്യമൊരുക്കുമെന്നും കമ്പനികള്‍ വ്യക്തമാക്കി.

‘സൗദി അറേബ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങളും ഒക്ടോബര്‍ 17 വരെ റദ്ദാക്കിയതായി’ എയര്‍ ഇന്ത്യ അറിയിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ തീരുമാനം എടുക്കാന്‍ കഴിയുവെന്നും അധികൃതര്‍ വ്യക്തമാക്കി.

സൗദി അറേബ്യയിലേക്കും തിരിച്ചും യാത്ര നിശ്ചയിച്ചിരുന്ന യാത്രക്കാര്‍ എയര്‍പോര്‍ട്ടുകളിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ വിമാനങ്ങളുടെ തത്സമയ സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്. വിമാന കമ്പനിയില്‍ നിന്നുള്ള അടിയന്തിര അറിയിപ്പുകളും സമയ മാറ്റങ്ങളും തടസ്സമില്ലാതെ നേരിട്ട് ലഭിക്കുന്നതിനായി തങ്ങളുടെ ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും അടക്കമുള്ള കോണ്‍ടാക്റ്റ് വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് യാത്രികര്‍ ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

cake tower new
LATEST NEWS