ബൊഗോട്ട: കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് 66 മരണം. 125 സൈനികരും ജീവനക്കാരുമായി പറന്ന വിമാനം രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി മേഖലയായ പ്യൂര്‍ട്ടോ ലെഗ്യൂസാമോയിലാണ് തകര്‍ന്നുവീണത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇക്വഡോറിന്റെയും പെറുവിന്റെയും തെക്കന്‍ അതിര്‍ത്തിക്കടുത്തുള്ള പ്യൂര്‍ട്ടോ ലഗ്യൂസാമോയില്‍ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 58 സൈനികര്‍ മരിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തിന് പിന്നാലെ വനത്തില്‍ വിമാനാവശിഷ്ടങ്ങള്‍ കത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച ഹെര്‍കുലിസ് സി-130 വിമാനമാണ് തകര്‍ന്നതെന്ന് കൊളംബിയ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞു. വിമാനം പറന്നുയര്‍ന്ന് ഒന്നര കിലോമീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു അപകടം.
വിമാനത്തിലുണ്ടായിരുന്ന ആയുധസാമഗ്രികള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും പുറത്തുനിന്നുള്ള ആക്രമണങ്ങള്‍ നടന്നതിന്റെ സൂചനകളൊന്നുമില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അപകടത്തിന്റെ കാരണം എന്തെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.



















