തിരുവനന്തപുരം നഗരത്തിൽ പുഷ്പ വസന്തമൊരുക്കാൻ കേരളീയം. നവംബർ ഒന്നുമുതൽ ഏഴുവരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023ന്റെ ഭാഗമായി പുഷ്പമേളകൾ സംഘടിപ്പിക്കും. ആറുവേദികളിലായാണ് പുഷ്പോത്സവം സംഘടിപ്പിക്കുക.

സെൻട്രൽ സ്റ്റേഡിയം, ഇ.കെ. നായനാർ പാർക്ക്, കനകക്കുന്ന്, അയ്യങ്കാളി ഹാൾ, എൽ.എം.എസ്. കോമ്പൗണ്ട്, ജവഹർ ബാലഭവൻ എന്നീവിടങ്ങളിലാണ് പുഷ്പോത്സവത്തിന് വേദിയൊരുക്കുക. നഗരത്തിലെ ഏഴു പ്രധാനകേന്ദ്രങ്ങളിൽ കേരളത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന ഫ്ളവർ ഇൻസ്റ്റലേഷനുകളും ഉണ്ടാകും. ചുണ്ടൻവള്ളത്തിന്റെ രൂപത്തിൽ ഇ.കെ. നായനാർ പാർക്കിലും കേരള സർക്കാർ മുദ്രയുടെ രൂപത്തിൽ കനകക്കുന്നിലും ഇൻസ്റ്റലേഷൻ സ്ഥാപിക്കും. കേരളീയം ലോഗോയുടെ മാതൃകയിലുള്ള വലിയ ഫ്ളവർ ഇൻസ്റ്റലേഷൻ മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലുണ്ടാകും. എൽ.എം.എസ്. കോമ്പൗണ്ടിൽ വേഴാമ്പൽ, ടാഗോർ തിയറ്റർ കവാടത്തിൽ തൃശൂർ പൂരം തുടങ്ങിയ ഇൻസ്റ്റലേഷനുകളും സ്ഥാപിക്കും.

















