സൗജന്യ യാത്രയ്ക്ക് എതിരെ തമിഴ്‌നാട്ടിലും സമരം; സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്

Sep 29, 2026

seena

ചെന്നൈ: സ്ത്രീകള്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ യാത്രാ പദ്ധതി വിപുലീകരിക്കുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ തമിഴ്‌നാട്ടില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ 24 മണിക്കൂറാണ് സൂചനാ പണി മുടക്ക്.

നിലവില്‍ ഏകദേശം 65 ശതമാനം നഷ്ടത്തിലാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത് എന്നും ഡീസലിനും സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും വില വര്‍ദ്ധിച്ചതോടെ ഭീമമായ നഷ്ടമമാണ് ബസ് ഉടമകള്‍ക്ക് ഉണ്ടാകുന്നതെന്നും ബസ് ഉടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തങ്കരാജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് സബ്‌സിഡി നല്‍കുന്നുണ്ട്. എന്നാല്‍ സ്വകാര്യ ബസുകളെ ഇതില്‍ നിന്ന് ഒഴിവാക്കി. ഡീസലിന് ലിറ്ററിന് 64 രൂപയായിരുന്ന 2018ലാണ് അവസാനമായി നിരക്ക് പരിഷ്‌ക്കരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇന്ധന വില ലിറ്ററിന് 100 രൂപ കടന്നിരിക്കുന്നു. യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

ചെന്നൈ, മധുര, നാഗര്‍കോവില്‍, ഊട്ടി എന്നീ സ്ഥലങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ തമിഴ്‌നാട്ടില്‍ ഏഴായിരത്തോളം സ്വകാര്യ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. കേരളത്തില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര കാരണം നഷ്ടത്തിലായി ഏകദേശം 750 സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി എന്ന പരാതിയുമായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

cake tower new
LATEST NEWS