കടയ്ക്കാവൂർ: കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം മഹാത്മാഗാന്ധിയുടെ ജൻമദിനാഘോഷം വിപുലമായ പരിപാടികളോടെ ആചരിച്ചു. കടയ്ക്കാവൂർ കോൺഗ്രസ്സ് ഭവന് മുന്നിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബി.എസ്.അനൂപ് ഗാന്ധിസന്ദേശം നൽകി.
ഗാന്ധിജിയുടെ ജീവിതം ലോകസമാധാനത്തിന് മാതൃകയാണ്. ഗാന്ധി സത്തിലേക്ക് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വർത്തമാനകാലത്ത് ഗാന്ധിജിയുടെ ആദർശം എല്ലാ കോൺഗ്രസ്സ് പ്രവർത്തകരുടെയും ജീവിതത്തിൽ പ്രതിഫലിക്കണമെന്ന് അനൂപ് ആഹ്വാനം ചെയ്തു.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അഡ്വ. റസൂൽ ഷാൻ അദ്ധ്യക്ഷനായിരുന്നു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മെംബർമാരായ പെരുംകുളം അൻസർ, ‘ലല്ലുകൃഷ്ണൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സുധീഷ് , സെക്രട്ടറിമാരായ ബിജു ,സുബിൻ പന്തുകുളം മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശ്രീമതി മിനി , കോൺഗ്രസ്സ് നേതാക്കളായ സനു, ആശാരിവിള അശോകൻ, എം.ഐ ഫസിലുദ്ദീൻ, പാലാംകോണംസുധീർ ഖാൻ , നിസാമുദ്ദീൻ ചെറുകരക്കോണം, നിഷാദ്, അനു, ചന്തു തുടങ്ങിയവർ സംബന്ധിച്ചു. മധുരവിതരണവും നടത്തി.
മേലാറ്റിങ്ങൽ,പാലാംകോണം, തൊപ്പിച്ചന്ത, പെരുംകുളം, മണനാക്ക്, പള്ളിമുക്ക്, ഗാന്ധിമുക്ക്, നിലയ്ക്കാമുക്ക്, കീഴാറ്റിങ്ങൽ, തിനവിള, തെക്കുംഭാഗം മുതലായ പ്രദേശങ്ങളിൽ അതാത് വാർഡ് കമ്മിറ്റികൾ പുഷ്പാർച്ചന സംഘടിപ്പിച്ചു. വൈകുന്നേരം 4.30 മണിക്ക് മണനാക്ക് ജംഗ്ഷനിൽ ചേരുന്ന ഗാന്ധി സ്മൃതി സംഗമത്തിൽ പ്രമുഖരായ നേതാക്കൾ സംബന്ധിക്കുന്നു. ഗാന്ധിജയന്തി മുതൽ ശിശുദിനം വരെ നീളുന്ന ഗാന്ധി സ്മൃതിലയം പരിപാടിയിൽ കുട്ടികളുടെ വിവിധ മത്സരങ്ങളും ചർച്ചാ ക്ലാസ്സുകളും സമ്മാനദാനവും സംഘടിപ്പിച്ചിട്ടുണ്ട്.