തിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിനമായ നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി പൊതുഗതാഗതമാണ്. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ സമരം ഒഴിവാക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. സമരം ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല കെഎസ്ആര്‍ടിസിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ തവണ സമരം ചെയ്തപ്പോള്‍ ആറു ശതമാനം ജീവനക്കാര്‍ മാത്രമാണ് പങ്കെടുത്തത്. ബാക്കി 94 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി എന്നത് കെഎസ് ആര്‍ടിസിയുടെ മാറുന്ന സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ നിലവില്‍ സന്തുഷ്ടരാണ്. ജീവനക്കാരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുമെന്നും, നോട്ടീസ് കെഎസ്ആര്‍ടിസി സിഎംഡിക്ക് നേരത്തെ തന്നെ നല്‍കിയതാണെന്നുമാണ് കെഎസ്ആര്‍ടിസി-സിഐടിയു വിഭാഗം നേതാക്കള്‍ പറയുന്നത്. ദേശീയ പണിമുടക്കിന്റെ ഭാഗമാകുമെന്ന് ഐഎന്‍ടിയുസിയും പറയുന്നു.
അതിനിടെ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം പൂര്‍ണമാണ്. ബസുകള്‍ പണിമുടക്കിയതോടെ സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ വലഞ്ഞു. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക,അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.