റെക്കോര്‍ഡുകള്‍ പഴങ്കഥ, കേരളത്തില്‍ സ്വര്‍ണവും വെള്ളിയും ഒരേ കുതിപ്പില്‍

Oct 4, 2025

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലേയ്ക്ക് കുതിച്ചു. ഇന്ന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് വില 10,945 രൂപയായി. 640 രൂപ മുന്നേറി പവന് 87,560 രൂപയിലെത്തി. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 10,930 രൂപയും പവന് 87,440 രൂപയുമെന്ന റെക്കോര്‍ഡ് മറികടന്നു. ഇന്നലെ രാവിലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നെങ്കിലും ഉച്ചയ്ക്ക് വീണ്ടും കൂടിയിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഉച്ചയ്ക്ക് ഉയര്‍ന്നത്.

യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകള്‍ സ്വര്‍ണവിലയുടെ മുന്നേറ്റത്തിന് വഴിവച്ചിരുന്നു. കഴിഞ്ഞദിവസം വില രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 3,897 ഡോളര്‍ എന്ന റെക്കോര്‍ഡിലുമെത്തി. വൈകാതെ ലാഭമെടുപ്പിനെ തുടര്‍ന്ന് വില താഴ്‌ന്നെങ്കിലും യുഎസില്‍ ട്രംപ് ഗവണ്‍മെന്റ് ‘ഷട്ട്ഡൗണിലേക്ക്’ നീങ്ങിയത് വീണ്ടും വില വര്‍ധിക്കാന്‍ കാരണമായി. പ്രവര്‍ത്തനഫണ്ട് സംബന്ധിച്ച ബില്‍ പാസാക്കാനാവാത്തതിനാല്‍ യുഎസില്‍ ട്രംപ് നയിക്കുന്ന ഗവണ്‍മെന്റ് അടച്ചുപൂട്ടലിലായി. അവശ്യസേവനങ്ങളൊഴികെ മറ്റ് സര്‍ക്കാര്‍ ഓഫീസുകളെല്ലാം പൂട്ടി. ഷട്ട്ഡൗണ്‍ അടുത്തയാഴ്ചയിലേക്കും നീങ്ങുമെന്നത് യുഎസില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതു ഡോളറിനും ബോണ്ടിനും തിരിച്ചടിയാകും, എന്നാല്‍ സ്വര്‍ണത്തിന് നേട്ടമാണ്.

രാജ്യാന്തര വില നിലവില്‍ ഔണ്‍സിന് 42 ഡോളര്‍ തിരിച്ചുകയറി 3,886 ഡോളറിലെത്തി. ഒരുഘട്ടത്തില്‍ വില 3,890 ഡോളറിലും എത്തിയിരുന്നു. ഇന്ത്യന്‍ രൂപ ഇന്നലെ ഡോളറിനെതിരെ 7 പൈസ താഴ്ന്ന് 88.78ല്‍ എത്തിയതും ആഭ്യന്തര സ്വര്‍ണവില വര്‍ധനയുടെ ആക്കംകൂട്ടി. സെപ്റ്റംബര്‍ 30ന് കുറിച്ച 88.80 ആണ് രൂപയുടെ എക്കാലത്തെയും താഴ്ന്ന മൂല്യം.

സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 65 രൂപ വര്‍ധിച്ച് റെക്കോര്‍ഡ് 9,065 രൂപയിലെത്തി. വെള്ളിവിലയും കത്തിക്കയറുകയാണ്. ഗ്രാമിന് 2 രൂപ ഉയര്‍ന്ന് സര്‍വകാല ഉയരമായ 160 രൂപയിലാണ് ഇന്നു വ്യാപാരം. കേരളത്തില്‍ മറ്റൊരുവിഭാഗം ജ്വല്ലറികള്‍ 18 കാരറ്റ് സ്വര്‍ണത്തിന് നല്‍കിയ വില ഗ്രാമിന് 60 രൂപ ഉയര്‍ത്തി 9,000 രൂപയാണ്. വെള്ളിവില ഇവര്‍ 156 രൂപയില്‍ നിലനിര്‍ത്തുകയും ചെയ്തു. 14 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 7,000 രൂപയും 9 കാരറ്റിനുവില വില 4,520 രൂപയുമാണ്.

cake tower new
LATEST NEWS