പണയം വെക്കാൻ കൊണ്ടുവരുന്ന സ്വർണാഭരണങ്ങളിൽ തട്ടിപ്പ്; ബാങ്ക് അപ്രൈസർ പിടിയിൽ

Jul 27, 2024

ആലപ്പുഴ: പണയം വെക്കാൻ കൊണ്ടുവരുന്ന സ്വർണാഭരണങ്ങളിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബാങ്കിലെ അപ്രൈസർ പിടിയിൽ. മുളക്കുഴ സ്വദേശി മധുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബാങ്കിൽ പണയം വെച്ച സ്വർണാഭരണങ്ങളുടെ ഭാഗങ്ങൾ മുറിച്ചു കവർന്നതായാണ് പരാതി. ചെങ്ങന്നൂർ മുളക്കുഴത്തെ ബാങ്കിലാണ് തട്ടിപ്പ് നടന്നത്.

മാലയുടെ കണ്ണികൾ, കൊളുത്തുകൾ, കമ്മലിന്റെ സ്വർണമുത്തുകൾ തുടങ്ങിയവയാണ് കവർന്നിരുന്നത്. സ്വർണം പണയം വെച്ചവർ തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. സംഭവത്തിൽ നിരവധി പേർ പരാതിയുമായി എത്തിയതോടെ ബാങ്ക് ജീവനക്കാരെ പൊലീസ് ചോ​ദ്യം ചെയ്യുകയായിരുന്നു.

പണയം വയ്ക്കുന്നതിനായി കൊണ്ടുവരുന്ന സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസര്‍ സ്വര്‍ണ്ണ ഉരുപ്പടികളുടെ ഭാഗം മുറിച്ചുമാറ്റി അതിനുശേഷം ഉള്ള തൂക്കമാണ് ബാങ്കിന്റെ രേഖകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബാങ്കില്‍ ഇരുന്നൂറിലധികം പേരുടെ ഉരുപ്പടികളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് പൊലീസ് നിഗമനം. മധുകുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

LATEST NEWS