തിരുവനന്തപുരം: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങള്‍ തുടങ്ങിയവ വീണ്ടും പരിശോധന നടത്തും. സ്വര്‍ണത്തിന്റെ അളവു തിട്ടപ്പെടുത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി സൂചിപ്പിച്ചു. സന്നിധാനത്തെ പാളികളില്‍ നിന്നും വീണ്ടും സാംപിളുകള്‍ ശേഖരിച്ച് വിഎസ് എസ് സിയില്‍ പരിശോധനയ്ക്ക് അയക്കാനാണ് നീക്കം. ഇതിനായി ഹൈക്കോടതിയില്‍ നിന്നും വീണ്ടും അനുമതി തേടും.
ശബരിമല സന്നിധാനത്തെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവുണ്ടായതായി വിഎസ്എസ് സി നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താനാണ് പരിശോധന. ദ്വാരപാലക പാളിയില്‍ 394.6 ഗ്രാം സ്വര്‍ണ്ണവും, കട്ടിള പാളികളില്‍ 409 ഗ്രാം സ്വര്‍ണ്ണവും പൂശി എന്നാണ് പോറ്റിയുടെ മൊഴി. അതേസമയം എത്ര സ്വര്‍ണ്ണം പാളികളില്‍ ഉണ്ട് എന്നതില്‍ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ഇല്ല. ഇതിനാലാണ് സ്വര്‍ണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി പറയുന്നത്. ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വര്‍ണം കട്ടെങ്കിലും പാളികള്‍ ആകെ മാറ്റിയിട്ടില്ലെന്നാണ് വിഎസ്എസ് സി ശാസ്ത്രജ്ഞരുടെ മൊഴി. ശബരിമല കട്ടിളപാളികള്‍ മാറ്റിയിട്ടില്ലെന്നും കവര്‍ന്നത് ചെമ്പ് പാളികള്‍ പൊതിഞ്ഞ സ്വര്‍ണമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.


















