വില ഇടിഞ്ഞു; ഗോള്‍ഡ് ലോണ്‍ എടുത്തവര്‍ക്ക് ബാങ്കുകളുടെ നോട്ടീസ്; അധിക സ്വര്‍ണം വയ്ക്കണം, ഇല്ലെങ്കില്‍ ലേലം

Nov 25, 2026

മുംബൈ: സ്വര്‍ണവില കുത്തനെ ഇടിഞ്ഞതോടെ സ്വര്‍ണപ്പണയ വായ്പയെടുത്തവര്‍ക്ക് ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും (എന്‍ബിഎഫ്‌സി) നോട്ടീസ്. വായ്പയ്ക്ക് ഈടായി നല്‍കിയ സ്വര്‍ണത്തിന്റെ മൂല്യം കുറഞ്ഞ സാഹചര്യത്തില്‍ അധികമായി സ്വര്‍ണം പണയം വയ്ക്കുകയോ വായ്പയുടെ ഒരു ഭാഗം തിരിച്ചടയ്ക്കുകയോ ചെയ്യണമെന്നാണ് ബാങ്കുകളുടെ നിര്‍ദേശം. വില ഇനിയും ഇടിയുകയാണെങ്കില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവരുടെ പണയംവച്ച സ്വര്‍ണം ലേലം ചെയ്യേണ്ട സാഹചര്യവുമുണ്ടായേക്കാം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വര്‍ണവില തുടര്‍ച്ചയായി ഉയര്‍ന്നതോടെ സ്വര്‍ണപ്പണയ വായ്പകളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായിരുന്നു. എന്നാല്‍, റെക്കോര്‍ഡ് നിലവാരത്തില്‍നിന്ന് സ്വര്‍ണവില 30 ശതമാനത്തോളം ഇടിഞ്ഞത് വായ്പാ സ്ഥാപനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുകയാണ്. ഈടായി നല്‍കിയ സ്വര്‍ണത്തിന്റെ വിപണിമൂല്യം കുറഞ്ഞതോടെ വായ്പയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് നോട്ടീസ് അയക്കുന്നത്.

എന്താണ് മാര്‍ജിന്‍ കോള്‍?

സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ ഗോള്‍ഡ് ലോണ്‍ അനുവദിക്കുന്നത്. ഈടായി നല്‍കിയ സ്വര്‍ണത്തിന്റെ മൂല്യവും അനുവദിച്ച വായ്പയും തമ്മിലുള്ള അനുപാതമാണ് ലോണ്‍ ടു വാല്യു റേഷ്യോ (എല്‍ടിവി). റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 75 മുതല്‍ 85 ശതമാനം വരെയാണ് വായ്പയായി അനുവദിക്കാന്‍ കഴിയുക. ഉദാഹരണത്തിന്, ഒരു പവന് 1.30 ലക്ഷം രൂപ വിലയുണ്ടായിരുന്ന സമയത്ത് സ്വര്‍ണം പണയംവച്ച ഒരാള്‍ക്ക് 75 ശതമാനം എല്‍ടിവി നിരക്കില്‍ 97,500 രൂപ വായ്പ ലഭിക്കാം.

എന്നാല്‍ സ്വര്‍ണവില ഇടിഞ്ഞ് പണയംവച്ച സ്വര്‍ണത്തിന്റെ മൂല്യം കുറയുമ്പോള്‍ വായ്പത്തുകയും ഈടിന്റെ മൂല്യവും തമ്മിലുള്ള അനുപാതം ഉയരും. ഇതോടെ ബാങ്കുകള്‍ക്ക് വായ്പയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാകും. ഇത്തരം സാഹചര്യത്തില്‍ വായ്പയുടെ ഒരു ഭാഗം തിരിച്ചടയ്ക്കാനോ അധിക സ്വര്‍ണം പണയം വയ്ക്കാനോ ബാങ്കുകള്‍ ആവശ്യപ്പെടും. ഇതാണ് മാര്‍ജിന്‍ കോള്‍. ബാങ്ക് നിര്‍ദേശിക്കുന്ന സമയപരിധിക്കുള്ളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

എല്ലാ ഗോള്‍ഡ് ലോണ്‍ ഉപഭോക്താക്കളെയും ഒരേ രീതിയിലല്ല സ്വര്‍ണവിലയിടിവ് ബാധിക്കുന്നത്. വായ്പയുടെ തിരിച്ചടവ് രീതിയും എല്‍ടിവി അനുപാതവും ഇതില്‍ നിര്‍ണായകമാണ്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുതലും പലിശയും ഒരുമിച്ച് തിരിച്ചടയ്ക്കുന്ന ബുള്ളറ്റ് തിരിച്ചടവ് രീതിയിലുള്ള വായ്പകളെയാണ് വിലയിടിവ് കൂടുതല്‍ ബാധിക്കാന്‍ സാധ്യത. സാധാരണയായി മൂന്ന് മാസം മുതല്‍ 12 മാസം വരെയാണ് ഇത്തരം വായ്പകളുടെ കാലാവധി.

ഉദാഹരണത്തിന്, പത്ത് ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം പണയംവച്ച് 7.50 ലക്ഷം രൂപ വായ്പയെടുത്ത ഒരാളുടെ എല്‍ടിവി 75 ശതമാനമായിരിക്കും. എന്നാല്‍ സ്വര്‍ണവില ഇടിഞ്ഞ് ഈടിന്റെ മൂല്യം 8.50 ലക്ഷം രൂപയായി കുറഞ്ഞാല്‍ എല്‍ടിവി ഏകദേശം 88 ശതമാനമായി ഉയരും. ഇതോടെ അനുവദനീയമായ പരിധിക്കുള്ളില്‍ വായ്പ നിലനിര്‍ത്താന്‍ അധിക തുക തിരിച്ചടയ്ക്കാനോ കൂടുതല്‍ സ്വര്‍ണം പണയം വയ്ക്കാനോ ബാങ്ക് ആവശ്യപ്പെട്ടേക്കാം. അതേസമയം, പ്രതിമാസ ഇഎംഐ അടയ്ക്കുന്ന വായ്പകളെ സ്വര്‍ണവിലയിടിവ് ഇതേ രീതിയില്‍ ബാധിക്കണമെന്നില്ല. എന്നാല്‍ വായ്പാ കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച് തിരിച്ചടവ് തുടരേണ്ട ബാധ്യത ഉപഭോക്താവിനുണ്ട്.

23.3 ലക്ഷം കോടി രൂപയുടെ സ്വര്‍ണവായ്പ

രാജ്യത്ത് സ്വര്‍ണവായ്പാ മേഖല സമീപകാലത്ത് വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2026-27 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ പുതിയ വായ്പകളില്‍ ഗോള്‍ഡ് ലോണിന്റെ എണ്ണം മുന്‍പാദത്തെ അപേക്ഷിച്ച് 24.9 ശതമാനം വര്‍ധിച്ചു. ആകെ സ്വര്‍ണവായ്പ മുന്‍വര്‍ഷത്തേക്കാള്‍ 60.6 ശതമാനം ഉയര്‍ന്ന് 23.3 ലക്ഷംകോടി രൂപയിലെത്തി. ക്രിഫ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍.

ഇതില്‍ 70 ശതമാനവും കേരളവും തമിഴ്‌നാടും ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. സ്വര്‍ണവില ഉയര്‍ന്നുനിന്ന കഴിഞ്ഞ വര്‍ഷങ്ങളില്‍ പലരും പണയംവച്ച സ്വര്‍ണം തിരിച്ചെടുക്കാതെ പലിശ അടച്ച് വായ്പ പുതുക്കുകയായിരുന്നു. ഇതോടെ മുതലും പലിശയും ചേര്‍ന്നുള്ള ബാധ്യത വര്‍ധിച്ചിട്ടുണ്ട്. സ്വര്‍ണവില ഇടിയുമ്പോള്‍ ഇത്തരം ഉപഭോക്താക്കള്‍ക്ക് തിരിച്ചടി രൂക്ഷമാകാന്‍ സാധ്യതയുണ്ട്.

തിരിച്ചടവിലും നേരിയ സമ്മര്‍ദം പ്രകടമാണ്. ഒന്നുമുതല്‍ ആറുമാസം വരെ തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ വിഹിതം 1.3 ശതമാനത്തില്‍നിന്ന് 1.6 ശതമാനമായി ഉയര്‍ന്നു. ഒന്നുമുതല്‍ മൂന്നുമാസം വരെ തിരിച്ചടവ് മുടങ്ങിയവരുടെ വിഹിതം 0.9 ശതമാനത്തില്‍നിന്ന് 1.3 ശതമാനമായും വര്‍ധിച്ചു.

ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ചാല്‍ എന്തു ചെയ്യണം?

സ്വര്‍ണവില കുറഞ്ഞതോടെ പണയംവച്ച സ്വര്‍ണം തിരിച്ചെടുക്കേണ്ടതില്ലെന്ന് കരുതുന്നവരുണ്ടാകാം. എന്നാല്‍ ഇത്തരമൊരു തീരുമാനം സാമ്പത്തികമായി വലിയ തിരിച്ചടിയുണ്ടാക്കാം. വായ്പ തിരിച്ചടയ്ക്കാതിരുന്നാല്‍ ബാങ്കിന് പണയംവച്ച സ്വര്‍ണം ലേലം ചെയ്യാനുള്ള നടപടികളിലേക്ക് കടക്കാം. ഇതിനു പുറമേ ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കും. ഭാവിയില്‍ പുതിയ വായ്പകള്‍ ലഭിക്കുന്നതിനും ഇത് തടസ്സമാകാം.

ബാങ്കില്‍നിന്നോ എന്‍ബിഎഫ്‌സിയില്‍നിന്നോ നോട്ടീസ് ലഭിച്ചാല്‍ ആദ്യം ചെയ്യേണ്ടത് വായ്പയുടെ കുടിശ്ശികയും ബാങ്ക് ആവശ്യപ്പെടുന്ന തുകയും പരിശോധിക്കുകയാണ്. തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ട് ഭാഗിക തിരിച്ചടവ് നടത്താനോ അധിക സ്വര്‍ണം ഈടായി നല്‍കാനോ കഴിയുമോ എന്ന് അന്വേഷിക്കണം. നോട്ടീസുകള്‍ അവഗണിക്കുന്നത് സ്വര്‍ണം ലേലം ചെയ്യപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കും. ബാങ്കിന്റെ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ മാത്രമേ പണം തിരിച്ചടയ്ക്കാവൂ. തിരിച്ചടവിനുശേഷം പുതുക്കിയ വായ്പാ കുടിശ്ശികയുടെയും ഈടായി നല്‍കിയ സ്വര്‍ണത്തിന്റെ മൂല്യത്തിന്റെയും വിവരങ്ങള്‍ രേഖാമൂലം വാങ്ങുകയും വേണം.

വായ്പാ കരാറിലെ വ്യവസ്ഥകളും ബാധകമായ ചട്ടങ്ങളും അനുസരിച്ചാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. അതിനാല്‍ സ്വര്‍ണം ലേലം ചെയ്യപ്പെടുന്നതുവരെ കാത്തിരിക്കാതെ ബാങ്കുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് ഉചിതം.

LATEST NEWS