കൈയില്‍ 40 രൂപ, അക്കൗണ്ടില്‍ 44; ആഷ്‌ന തമ്പി കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി

Mar 26, 2026

കോട്ടയം: കൈവശം 84 രൂപ, സ്വന്തമായി ഭൂമിയില്ല, തൊഴിലില്ല. ഏറ്റുമാനൂരിലെ എസ്‌യുസിഐ (കമ്യൂണിസ്റ്റ്) സ്ഥാനാര്‍ഥിയായ ആഷ്‌ന തമ്പി പണക്കൊഴുപ്പിന്റെ തെരഞ്ഞെടുപ്പ് ഗോദയില്‍ വ്യത്യസ്തയാണ്. 26 വയസുകാരിയായ ആഷ്‌ന സംസ്ഥാനത്ത് മത്സരിക്കുന്ന ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥിയാണ്.

സമര മുഖങ്ങളില്‍ സജീവമായിട്ടുള്ള മനുഷ്യരോട് അടുത്തു നിന്നിട്ടുള്ള പൊതു പ്രവര്‍ത്തക എന്ന നിലയില്‍ മനുഷ്യനെ സഹായിക്കാനുള്ള കഴിവാണ് പൊതു പ്രവര്‍ത്തിനത്തിന് വേണ്ടതെന്ന ആത്മവിശ്വാസത്തിലാണ് ആഷ്‌ന തമ്പിയുടെ തെരഞ്ഞെടുപ്പ് പോരാട്ടം. വെറും 40 രൂപ ആയിരുന്നു പത്രിക നല്‍കിയ ദിവസം കൈയില്‍ ഉണ്ടായിരുന്നത്. അക്കൗണ്ടില്‍ 44 രൂപയും. ഇതാണ് പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച ആസ്തി വിവരത്തിന്റെ വിശദാംശങ്ങള്‍.

ആശവര്‍ക്കര്‍മാര്‍ തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആഷ്ന മുടിമുറിച്ച് പ്രതിഷേധിച്ചിരുന്നു. മഹാരാജാസ് കോളജില്‍ എ.ഐ.ഡി.എസ്.ഒ.യെ പ്രതിനിധീകരിച്ച് മത്സരിച്ചതാണ് നേരത്തെയുള്ള തെരഞ്ഞെടുപ്പ് അനുഭവം. ജേണലിസം പി.ജി. ഡിപ്ലോമയുള്ള ആഷ്‌ന പാര്‍ട്ടിയുടെ മീഡിയ കോഓര്‍ഡിനേറ്റർ , പാർട്ടി ജില്ലാ കമ്മിറ്റി അംഗം, തിരുവാര്‍പ്പ് ലോക്കല്‍ കമ്മിറ്റി അംഗം, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടേറിയേറ്റംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു. മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകരാണ് എറണാകുളം അരയന്‍കാവ് സ്വദേശികളായ ആഷ്‌നയുടെ മാതാപിതാക്കളും.

സംസ്ഥാനത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലം കൂടിയാണ് ഇത്തവണ ഏറ്റുമാനൂര്‍. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആതിര ഡി നായര്‍ ആണ് സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. 25 വയസാണ് ആതിരയുടെ പ്രായം. ട്വന്റ് 20 പ്രതിനിധിയായാണ് ആതിര ഡി നായര്‍ മണ്ഡലത്തില്‍ വോട്ട് തേടുന്നത്. സൈബര്‍ ഫോറന്‍സിക്കില്‍ ഡിഗ്രിയും കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദവും സ്വന്തമായുള്ള ആതിര നിലവില്‍ ഓണ്‍ലൈന്‍ സംരംഭക കൂടിയാണ് ആതിര. പ്രായമല്ല, പ്രവര്‍ത്തനത്തിലാണ് മികവെന്നും, മണ്ഡലത്തിനായി പദ്ധതികള്‍ മനസിലുണ്ടെന്നുമാണ് ആതിര പറയുന്നത്.

cake tower new
LATEST NEWS