കൊച്ചി: പശ്ചിമേഷ്യയിലെ സംഘര്‍ഷം കനത്തതോടെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നത്. വെള്ളിയാഴ്ച രാവിലെ 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 13,275 രൂപയായും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,200 രൂപയായും ഉയര്‍ന്നു.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സ്വര്‍ണവിലയില്‍ വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയിരുന്നു. രണ്ട് തവണയായി പവന് 960 രൂപയോളമാണ് വര്‍ധിച്ചത്. ഇന്നലെ വൈകിട്ട് വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1,05,920 രൂപയും ഗ്രാമിന് 13,240 രൂപയുമായിരുന്നു നിരക്ക്. ഈ കുതിപ്പ് തുടര്‍ന്നുകൊണ്ടാണ് ഇന്ന് വിപണി വീണ്ടും ഉയര്‍ന്ന നിരക്കില്‍ വ്യാപാരം ആരംഭിച്ചത്.
പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും കനത്തതാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിയാന്‍ കാരണം. എന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രോയ് ഔണ്‍സിന് 11.80 ഡോളര്‍ (0.29%) കുറഞ്ഞ് 4,120.1 ഡോളറിലാണ് അന്താരാഷ്ട്ര വ്യാപാരം നടക്കുന്നത്.
കേരളത്തിലെ സ്വര്‍ണവിലയുടെ ചരിത്രത്തില്‍ ഇക്കഴിഞ്ഞ ജനുവരി 29നാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1,31,160 രൂപയായിരുന്നു വില.
വെള്ളിവിലയും തിരിച്ചുകയറുന്നു
ഇന്നലെ വിലയില്‍ വന്‍ ഇടിവ് നേരിട്ട വെള്ളി വിപണിയും ഇന്ന് നേട്ടത്തിലാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 5 രൂപ വര്‍ധിച്ച് 240 രൂപയായി. 10 ഗ്രാം വെള്ളിക്ക് 2,400 രൂപ എന്ന നിരക്കിലാണ് നിലവില്‍ സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്. ഇന്നലെ വെള്ളിവിലയില്‍ ഗ്രാമിന് 10 രൂപയുടെയും കിലോയ്ക്ക് 10,000 രൂപയുടെയും കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിനു വിപരീതമാണ് ഇന്നത്തെ ട്രെന്‍ഡ്.
















