കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണം പവന് 880 രൂപ വര്‍ധിച്ച് 1,17,680 രൂപയിലും, ഗ്രാമിന് 110 രൂപ കൂടി 14,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 3,000 രൂപയിലധികം വര്‍ധിച്ചതിന് പിന്നാലെയുണ്ടായ ഈ കുതിപ്പ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണവിലയെ എത്തിച്ചിരിക്കുന്നത്.

ഒരു പവന് 1,17,680 രൂപയാണ് ഇന്നത്തെ നിരക്ക്. ഇതിനുപുറമെ പണിക്കൂലിയും ജിഎസ്ടിയും കൂടി നല്‍കുമ്പോള്‍ ആഭരണ വില വീണ്ടും ഉയരും. പണിക്കൂലി 10 ശതമാനവും, 3 ശതമാനം ജിഎസ്ടിയും (പണിക്കൂലിയുടെ നികുതിയടക്കം) കണക്കാക്കിയാല്‍, ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.33 ലക്ഷം രൂപ വരെ ചെലവായേക്കാം.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയുടെ കുതിപ്പിന് കാരണം. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 4,500 ഡോളര്‍ കടന്നിരിക്കുകയാണ്. ഡോളര്‍ ദുര്‍ബലമായതും ബോണ്ട് ആദായത്തിലുണ്ടായ കുറവും സ്വര്‍ണത്തിന് കരുത്തേകി. സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷ സ്വര്‍ണത്തിലുള്ള നിക്ഷേപ താല്പര്യം വര്‍ധിപ്പിച്ചു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.



















