വർക്കലയിൽ കടലിലകപ്പെട്ട മൂന്ന് യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു. വ്യത്യസ്ത സമയങ്ങളിലായാണ് പാപനാശം ടൂറിസം കേന്ദ്രത്തിൽ അപകടങ്ങൾ ഉണ്ടായത്. കടലിൽ കുളിക്കവെയാണ് മൂവരും അപ്രതീക്ഷിതമായി ഉയർന്നു പൊങ്ങിയ തിരമാലയിലകപ്പെട്ടത്. രാജസ്ഥാൻ സ്വദേശികളായ മീട്ടാറാം(21), ലക്ഷ്മൺ ബർവ(21), ചെന്നൈ സ്വദേശി നവീൻ എന്നിവരാണ് തിരയിലകപ്പെട്ടത്. രാവിലെ ഒൻപതരയോടെയാണ് രാജസ്ഥാൻ സ്വദേശികളായ മീട്ടാറാം, ലക്ഷ്മൺ ബർവ എന്നിവർ വർക്കല മെയിന്‍ ബീച്ചിൽ തിരയിലകപ്പെട്ടത്. രാവിലെ പതിനൊന്നോടെയാണ് ചെന്നൈ സ്വദേശി നവീൻ അപകടത്തിൽപ്പെട്ടത്. ലൈഫ് ഗാർഡുകളുടെ അവസരോചിതമായ ഇടപെടലിലാണ് മൂവരും ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ലൈഫ് ഗാർഡുകളായ സജിത്, മനു കുമാരസ്വാമി, പ്രവീൺ എന്നിവരാണ് സഞ്ചാരികളെ രക്ഷപ്പെടുത്തിയത്.


















