തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ പദവിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഗവര്‍ണര്‍ പദവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടരുമോ, മറ്റാരെങ്കിലും വരുമോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആരിഫിന്റെ മുന്‍ഗാമിയായ ജസ്റ്റിസ് പി സദാശിവം ഗവര്‍ണര്‍ പദവിയില്‍ അഞ്ചു വര്‍ഷം തികയുന്ന ദിവസം തന്നെ മാറിയിരുന്നു.
ഗവർണർക്ക് കാലാവധി നീട്ടിക്കൊടുക്കാനോ, പുതിയ ഗവർണറെ നിയമിക്കാനോ കേന്ദ്രസർക്കാരിന് തീരുമാനമെടുക്കാം. പുതിയ ഗവർണറെ നിയമിക്കുന്നതുവരെ നിലവിലെ ഗവർണർക്ക് തൽസ്ഥാനത്ത് തുടരാനാകും. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ, കേരള ഗവർണർ സ്ഥാനത്ത് ആറുമാസം തികയും മുമ്പേ ഷീല ദീക്ഷിത്തിനെ മാറ്റിയിരുന്നു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാന സർക്കാരുമായി ഇടഞ്ഞും ഇണങ്ങിയും ആരിഫ് മുഹമ്മദ് ഖാൻ വാർത്തകളിൽ നിറഞ്ഞിരുന്നു. രണ്ടു പിണറായി സർക്കാരുകളുടെ കാലത്തായി, പലപ്പോഴും മുഖ്യമന്ത്രി- ഗവർണർ പിണക്കങ്ങൾ നേരിട്ടുള്ള ഏറ്റുമുട്ടലുകളുടെ വക്കത്തേക്ക് പോയിരുന്നു. ഇരുവരും പരസ്പരം മിണ്ടാത്ത സ്ഥിതിയുമുണ്ടായിരുന്നു.
പൗരത്വഭേദഗതി നിയമ വിഷയത്തിൽ തുടങ്ങി കണ്ണൂർ വിസി നിയമനത്തിലൂടെ ഗവർണർ- സർക്കാർ പോര് മൂർധന്യത്തിലെത്തി. ചാൻസലർ എന്ന നിലയിൽ സർവകലാശാലാ ഭരണത്തിൽ പിടിമുറുക്കിയ ഗവർണർക്കെതിരെ ഇടതുമുന്നണി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങി. ഇതിന് ഒൻപതു വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ തിരിച്ചടിച്ചു.
വൈസ് ചാൻസലർമാരെ നിയമിക്കാൻ സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റി രൂപീകരിച്ചും, താൽപ്പര്യമുള്ളവരെ സെർച്ച് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തും ഗവർണർ അധികാരം കാണിച്ചു. ഗവർണർക്കെതിരെ സിപിഎം എസ്എഫ്ഐയെ സമരരംഗത്തിറക്കി. ഇതിനു പിന്നാലെ ഗവർണർ സ്വന്തം സുരക്ഷയ്ക്ക് കേന്ദ്രസേനയെ നിയോഗിച്ചു. ഏറ്റവുമൊടുവിൽ നിയമസഭ പാസ്സാക്കിയ ബില്ലുകൾ പിടിച്ചു വെക്കുന്നതിനെതിരെ സർക്കാർ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു.
ഏറ്റവുമൊടുവിൽ വയനാട് ഉരുൾപൊട്ടലുണ്ടായപ്പോൾ സർക്കാരിനൊപ്പം സഹകരിച്ചാണ് ഗവർണറുടെ പ്രവർത്തനം. ദുരന്തം നേരിട്ട സർക്കാരിന്റെ നടപടികളെ പൂർണമായും പിന്തുണച്ച ഗവർണർ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മാത്രമല്ല സംസ്ഥാനങ്ങളിൽ നിന്നും തുക നേടിയെടുത്തും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ കൈപിടിച്ചു. 73 കാരനായ, മുൻ കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാൻ ഉത്തർപ്രദേശിലെ ബുലന്ദ് ഷഹർ സ്വദേശിയാണ്.