സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; പിഎഫില്‍ ലയിപ്പിച്ച ഡിഎ കുടിശിക പകുതി പിന്‍വലിക്കാം

Mar 18, 2025

തിരുവനന്തപുരം: പിഎഫില്‍ ലയിപ്പിച്ച നാല് ഗഡു ഡിഎയുടെ പകുതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ധനവകുപ്പിന്റെ ഉത്തരവ്. ഇതിന് പുറമേ ബജറ്റില്‍ പ്രഖ്യാപിച്ച മൂന്ന് ശതമാനം ഡിഎ അനുവദിച്ച് ഉടന്‍ ഉത്തരവുമിറങ്ങും.

പിഎഫില്‍ ലയിപ്പിച്ച നാല് ഗഡു ഡിഎയുടെ പകുതി പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലോക്ക് ഇന്‍ പീരിയഡ് ഒഴിവാക്കി. ജീവനക്കാരുടെ പിഎഫില്‍ ലയിപ്പിച്ച ഡിഎ കുടിശിക കാലാവധി കഴിഞ്ഞിട്ടും പിന്‍വലിക്കുന്നതിനു സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

2021 ഫെബ്രുവരിയിലാണു സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കുടിശികയായി കിടന്ന ഡിഎയില്‍ 4 ഗഡു അനുവദിച്ചത്. 2019 ജനുവരി 1 മുതല്‍ 3 ശതമാനവും ജൂലൈ 1 മുതല്‍ 5 ശതമാനവും 2020 ജനുവരി 1 മുതല്‍ 4 ശതമാനവും ജൂലൈ 1 മുതല്‍ 4 ശതമാനവും ആയിരുന്നു ഡിഎ വര്‍ധന. എന്നാല്‍, ഈ തുക പണമായി നല്‍കിയില്ല. പകരം പിഎഫില്‍ ലയിപ്പിച്ചു.

ലയിപ്പിച്ച ഓരോ ഗഡുവും യഥാക്രമം 2023 ഏപ്രില്‍ 1, സെപ്റ്റംബര്‍ 1, 2024 ഏപ്രില്‍ 1, സെപ്റ്റംബര്‍ 1 എന്നീ തീയതികള്‍ക്കു ശേഷം പിന്‍വലിക്കാമെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ഈ തീരുമാനം പുനഃപരിശോധിച്ചാണ് 50 ശതമാനം ഡിഎ പിന്‍വലിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

LATEST NEWS
മൂന്ന് മാസത്തിനിടെ കൈക്കൂലി കേസില്‍ വിജിലന്‍സ് കൈയോടെ പൊക്കിയത് 23 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ

മൂന്ന് മാസത്തിനിടെ കൈക്കൂലി കേസില്‍ വിജിലന്‍സ് കൈയോടെ പൊക്കിയത് 23 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ

തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 18 വരെ 23 സര്‍ക്കാര്‍ ജീവനക്കാരെ...