തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഓട്ടം വിളിച്ച യൂബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപ്പെട്ടു.
പുതുക്കുറിച്ചി സ്വദേശിയായ സുഹൈൽ കനി (32) ആണ് കാർ തട്ടിയെടുത്ത് രക്ഷപ്പെട്ടത്. ഇന്ന് വെളുപ്പിന് അഞ്ചുമണിയോടെയാണ് ഇയാൾ യൂബർ കാർ ബുക്ക് ചെയ്തത്.
പെരുമാതുറ ജംഗ്ഷനിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ വരാനുണ്ടെന്ന് പറഞ്ഞ് വെയിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു
യൂബർ കാർ ഡ്രൈവർ തൊട്ടടുത്ത കടയിൽ ചായ കുടിക്കാൻ ഇറങ്ങിയ സമയം ഇയാൾ കാർ എടുത്ത് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കാർ ഡ്രൈവർ കഠിനംകുളം പോലീസിൽ വിവരമറിയിച്ചു.
അന്വേഷണത്തിൽ വർക്കല ഭാഗത്തേക്കാണ് കാറുമായി രക്ഷപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നിരവധി കേസുകളിൽ പ്രതിയായ സുഹൈൽ കനി ഒരുതവണ കാപ്പ കേസിൽ നാടുകടത്തലിനും ഒരുതവണ ആറുമാസം ജയിൽ ശിക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. ഇയാൾ ഇന്നലെ രാത്രി മൂന്നു പേരെ മർദ്ദിക്കുകയും ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിൽ പുതുക്കുറിച്ചി സ്വദേശിയായ ഷറഫുദ്ദീൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റു രണ്ടുപേർ സ്റ്റേഷൻ റൗഡികളാണ്. ഈ വിവരമറിഞ്ഞ പോലീസ് പ്രതിയെ തിരഞ്ഞ് വരുന്നതിനിടെയാണ് വെളുപ്പിന് കാറുമായി കടന്നു കളഞ്ഞത്. തിരുവനന്തപുരം റൂറൽ പോലീസ് പ്രതിക്കായി വ്യാപകമായിട്ട് തിരച്ചിൽ നടത്തുന്നുണ്ട്.കാർ ചെറിയതുറയിൽ നിന്നും പോലീസ് കണ്ടെത്തിയതായാണ് വിവരം.



















