തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ ഈ മാസം 17നു ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ. കാലത്ത് 6 മുതൽ 9 വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. ഈ സമയത്ത് ചോറൂൺ, തുലാഭാരം വഴിപാടുകളും അനുവദിക്കില്ല.
അന്നത്തെ ദിവസം 74 വിവാഹങ്ങളാണ് നടക്കാനുള്ളത്. ഇതിൽ ഭൂരിഭാഗം വിവാഹങ്ങളും പുലർച്ചെ 5 മുതൽ 6 വരെ നടത്തും. നാല് കല്യാണ മണ്ഡപങ്ങളാണ് നിലവിലുള്ളത്. സുരക്ഷാ വിഭാഗം അനുമതി നൽകിയാൽ രണ്ട് താത്കാലിക മണ്ഡപങ്ങളും സജ്ജമാക്കും.
നാളെ കലക്ടറും പ്രൊട്ടക്ഷൻ സംഘവും അടങ്ങുന്ന ഉന്നതതല യോഗം സുരക്ഷ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. 17നു ഉദയാസ്തമയ പൂജ നടക്കാനുണ്ട്. രാവിലെ ആറിനു മുൻപ് ആനയെ എഴുന്നള്ളിച്ചുള്ള ശീവേലി പൂർത്തിയാക്കി ഉദയാസ്തമയ പൂജ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 9 വരെ പൂജയ്ക്കും ചടങ്ങുകൾക്കുമായി വേണ്ട നമ്പൂതിരിമാരും പരമ്പര്യ അവകാശികളും മാത്രമാകും ക്ഷേത്രത്തിൽ ഉണ്ടാവുക. പൂജാ ചടങ്ങുകളെല്ലാം തസമില്ലാതെ നടക്കും.