ബന്ദിമോചനം പൂര്‍ണം, 20 പേരെയും കൈമാറി ഹമാസ്; ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

Oct 13, 2025

ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ പേരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഗാസ സമാധാനകരാറിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായാണ് ഹമാസ് ഇസ്രയേല്‍ പൗരന്‍മാരെ മോചിപ്പിച്ചത്. ഇതോടെ രണ്ട് വര്‍ഷമായി ഹമാസ് ബന്ദികളാക്കി വച്ചിരുന്നവരില്‍ ജീവനോടെ ബാക്കിയുള്ള എല്ലാവരും മോചിപ്പിക്കപ്പെട്ടു.

രാവിലെ 11 മണിയോടെ തന്നെ ആദ്യഘട്ടമായി 7 പേരെ ഹമാസ് റെഡ് ക്രോസ് അധികൃതര്‍ക്ക് കൈമാറിയിരുന്നു. പിന്നാലെയാണ് രണ്ടാം ഘട്ടമായി 13 പെരെ കൂടി മോചിപ്പിച്ചത്. 20 ബന്ദികള്‍ക്ക് പകരമായി ഇസ്രായേല്‍ പിടികൂടിയ 1,900-ലധികം പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും.

ബാര്‍ എബ്രഹാം കുപ്പര്‍ഷൈന്‍, എവ്യാതര്‍ ഡേവിഡ്, യോസെഫ്-ചൈം ഒഹാന, സെഗെവ് കല്‍ഫോണ്‍, അവിനാറ്റന്‍ ഓര്‍, എല്‍ക്കാന ബോബോട്ട്, മാക്‌സിം ഹെര്‍ക്കിന്‍, നിമ്രോഡ് കോഹന്‍, മതാന്‍ ആംഗ്രെസ്റ്റ്, മതാന്‍ സാന്‍ഗൗക്കര്‍, ഈറ്റന്‍ ഹോണ്‍, ഈറ്റന്‍ എബ്രഹാം മോര്‍, ഗാലി ബെര്‍മന്‍, സിവ് ബെര്‍മന്‍, ഒമ്രി മിറാന്‍, അലോണ്‍ ഒഹെല്‍, ഗൈ ഗില്‍ബോവ-ദലാല്‍, റോം ബ്രാസ്ലാവ്സ്‌കി, ഏരിയല്‍ കുനിയോ, ഡേവിഡ് കുനിയോ എന്നിവരാണ് ഹമാസ് മോചിപ്പിക്കുന്ന ഇസ്രയേലികള്‍. 2023 ഒക്ടോബര്‍ 7-ന് നടന്ന ആക്രമണത്തിനിടെ ആയിരുന്നു ഇസ്രയേല്‍ പൗരന്‍മാരെ ഹമാസ് ബന്ധികളാക്കിയത്.

അതിനിടെ, ഇസ്രയേലിലുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ഇതിന് ശേഷം ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഗാസ സമാധാന ഉച്ചകോടിക്കായി അദ്ദേഹം ഈജിപ്തിലേക്ക് പോകും.

LATEST NEWS