തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എട്ടു ജില്ലകളിലാണ് സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യത ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍) സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.



















