നടൻ ധർമേന്ദ്രയുടെ വിയോഗത്തിന്റെ വിഷമഘട്ടങ്ങളിൽ നിന്നും കുടുംബം ഇതുവരെ മോചിതരായിട്ടില്ല. ഇന്നലെ ഡൽഹിയിൽ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് പ്രാർഥന യോഗം നടന്നിരുന്നു. ധർമേന്ദ്രയെ ഓർത്ത് കണ്ണീർ അടക്കാനാവാതെ യോഗത്തിൽ നിൽക്കുന്ന ഭാര്യയും നടിയും എംപിയുമായ ഹേമ മാലിനിയുടെ ചിത്രങ്ങളാണ് ആരാധകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്.
ധര്‍മ്മേന്ദ്രയുടെ മരണത്തിൽ ആര്‍ക്കും ആശ്വസിപ്പിക്കാന്‍ കഴിയാത്തത്ര ദുഃഖവും ഞെട്ടലുമുണ്ടാക്കിയെന്ന് അവര്‍ പറഞ്ഞു. നടക്കാതെ പോയ ധര്‍മേന്ദ്രയുടെ സ്വപ്‌നത്തെക്കുറിച്ചും പ്രാര്‍ഥനാ യോഗത്തില്‍ ഹേമ മാലിനി പറഞ്ഞു. ജന്‍പഥിലെ ഡോ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലാണ് പ്രാര്‍ഥനാ യോഗം നടന്നത്. ഹേമ മാലിനിയുടെ വികാരഭരിതമായ പ്രസംഗത്തിനിടെ മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും അവരെ ആശ്വസിപ്പിക്കാനെത്തി.
“ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നു, എന്നാല്‍ എനിക്കത് താങ്ങാനാവാത്ത ദുഃഖമാണ്. കാലത്തെ അതിജീവിച്ച ഒരു പങ്കാളിയുടെ വേര്‍പാട്’ – കണ്ണീര്‍ അടക്കിപ്പിടിച്ചു കൊണ്ട് ഹേമാ മാലിനി പറഞ്ഞു. ‘കാലക്രമേണ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ മറഞ്ഞിരുന്ന ഒരു ഭാഗം പുറത്തുവന്നു… അദ്ദേഹം ഉര്‍ദു കവിതകള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍. അദ്ദേഹത്തിന്റെ പ്രത്യേകത അതായിരുന്നു.
ഏത് സാഹചര്യത്തിലും കവിത എഴുതാന്‍ അദ്ദേഹത്തിന് സാധിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ കഴിവ്. ഞാന്‍ പലപ്പോഴും അദ്ദേഹത്തോട് ഒരു പുസ്തകം എഴുതാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അത് ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹം അതിനെക്കുറിച്ച് വളരെ ഗൗരവമായി ചിന്തിക്കുകയും മുന്നൊരുക്കം നടത്തുകയും ചെയ്തിരുന്നു. പക്ഷേ അത് നടക്കാതെ പോയി.” ഹേമ പറഞ്ഞു.
“സിനിമകളില്‍ പ്രണയ രംഗങ്ങളില്‍ അഭിനയിച്ച വ്യക്തിയാണ് എന്റെ ജീവിത പങ്കാളിയായത്. ഞങ്ങളുടെ പ്രണയം സത്യമായിരുന്നു. അതിനാല്‍ ഏത് സാഹചര്യത്തെയും നേരിടാനുള്ള ധൈര്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഞങ്ങള്‍ വിവാഹിതരായി. അദ്ദേഹം വളരെ അര്‍പ്പണബോധമുള്ള പങ്കാളി ആയിരുന്നു. അദ്ദേഹം എനിക്ക് പ്രചോദനവും ശക്തമായ പിന്തുണയും നല്‍കി ഓരോ നിമിഷവും എന്റെ കൂടെ നിന്നു”. – ഹേമ മാലിനി പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, കിരണ്‍ റിജിജു, കങ്കണ റണാവത്ത് എംപി എന്നിവരടക്കം നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ധര്‍മ്മേന്ദ്രയുടെ രണ്ടാം ഭാര്യയാണ് ഹേമ മാലിനി. പ്രകാശ് കൗറിനെയാണ് അദ്ദേഹം ആദ്യം വിവാഹം കഴിച്ചത്. നവംബര്‍ 24 ന് 89-ാം വയസിലാണ് ധര്‍മ്മേന്ദ്ര അന്തരിച്ചത്.




















