ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ വര്‍ധിച്ച ഊര്‍ജ്ജ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടത് അനിവാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇന്ധനവില ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നത്.
‘ചില രാജ്യങ്ങള്‍ ഇതിനോടകം തന്നെ വില വര്‍ധനയുടെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ തുടങ്ങിയിട്ടുണ്ട്. മറ്റു ചിലര്‍ ഇതുവരെ അത് ചെയ്തിട്ടില്ല. എന്നാല്‍ ഇത് അനിവാര്യമാണ്,’- മന്ത്രാലയം പറഞ്ഞു. വിതരണ തടസ്സങ്ങള്‍ നേരിടുന്ന സമയത്ത് ഉപഭോഗം കുറയ്‌ക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം രാജ്യങ്ങള്‍ ഊര്‍ജ്ജ വിതരണത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
മാക്രോ ഇക്കണോമിക് സ്ഥിരതയ്ക്കായി ആഹ്വാനം ചെയ്ത റിപ്പോര്‍ട്ട്, ഹ്രസ്വകാല വളര്‍ച്ച വീണ്ടെടുക്കാനുള്ള ഏതൊരു ശ്രമവും ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകള്‍ക്ക് വലിയ ദോഷം ചെയ്‌തേക്കാമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഊര്‍ജ്ജ വിതരണം സാധാരണ നിലയിലാകാന്‍ സമയമെടുക്കുമെന്നതിനാല്‍, പ്രതിസന്ധി ഇനിയും നീണ്ടുനിന്നേക്കാമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
‘ഊര്‍ജ്ജ വിതരണത്തില്‍ പെട്ടെന്ന് തന്നെ സാധാരണ നില കൈവരിക്കാനാകുമെന്ന് പല അന്താരാഷ്ട്ര ഏജന്‍സികളും തെറ്റായി കരുതുന്നു. ഉല്‍പ്പാദനം പുനഃസ്ഥാപിക്കുന്നതിനും ഷിപ്പിംഗ് പുനരാരംഭിക്കുന്നതിനും ആവശ്യമായ സമയം ഈ പ്രവചനങ്ങള്‍ കണക്കിലെടുക്കുന്നില്ല,’- മന്ത്രാലയം പറഞ്ഞു. അതിനാല്‍ ഊര്‍ജ്ജ വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ട്.
മാര്‍ച്ച് മാസത്തില്‍ ബാരലിന് ശരാശരി 113 ഡോളറായിരുന്നു എണ്ണവില. ഏപ്രിലില്‍ ഇത് 115 ഡോളറിന് തൊട്ടുതാഴെയാണ്. വില്‍പ്പനയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന് 14 രൂപയും 18 രൂപയും എന്ന നിലയില്‍ വിതരണ കമ്പനികള്‍ നഷ്ടം നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ നടപ്പു നികുതി വര്‍ഷത്തില്‍ ആഭ്യന്തര എല്‍പിജി സബ്സിഡി നഷ്ടം80,000 കോടി രൂപയായിരിക്കുമെന്നും കണക്കാക്കപ്പെടുന്നു. തന്ത്രപ്രധാനമായ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള അവസരമായി ഈ പ്രതിസന്ധിയെ കാണണമെന്നും മന്ത്രാലയം പറഞ്ഞു.



















