മതവിദ്വേഷം ഗുരുതര കുറ്റകൃത്യം; പിഴ അടച്ച് രക്ഷപ്പെടാന്‍ അനുവദിക്കരുത്: ഹൈക്കോടതി

Feb 19, 2025

കൊച്ചി: മതവിദ്വേഷം ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് നിര്‍ബന്ധിത ജയില്‍ശിക്ഷ ഉറപ്പാക്കണം. ഇത്തരക്കാര്‍ക്കുള്ള പരമാവധി ശിക്ഷ മൂന്നു വര്‍ഷം പോരാ. ശിക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണം. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവര്‍ പിഴ അടച്ച് രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ വാക്കാലുള്ള പരാമര്‍ശം. രാഷ്ട്രീയക്കാര്‍ ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്ന പ്രവണതയെ കോടതി വിമര്‍ശിച്ചു.

പി സി ജോര്‍ജ് പരിചയസമ്പന്നനായ ഒരു രാഷ്ട്രീയ നേതാവാണ്. അദ്ദേഹത്തിന് എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിയുന്നത്? … ഇതൊരു മതേതര രാജ്യമാണ്. എന്തുകൊണ്ടാണ് ഇവര്‍ ജാതി അടിസ്ഥാനമാക്കിയുള്ള പരാമര്‍ശങ്ങള്‍ ഉപയോഗിക്കുന്നത്’ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ ചോദിച്ചു. വിദ്വേഷ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഏര്‍പ്പെടുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കാന്‍ ക്രിമിനല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു.

(ഭാരതീയ ന്യായ സംഹിത) വന്നതിനുശേഷവും, സെക്ഷന്‍ 196 പ്രകാരം നല്‍കുന്ന പരമാവധി ശിക്ഷ മൂന്ന് വര്‍ഷമോ പിഴയോ ആണ്. ആവര്‍ത്തിച്ച് കുറ്റം ചെയ്യുന്നവര്‍ക്കായി ഈ നിയമം എന്തുകൊണ്ട് ഭേദഗതി ചെയ്തില്ല? നമ്മുടേത് പോലുള്ള ഒരു മതേതര രാജ്യത്ത്, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ അവതരിപ്പിച്ചതിനുശേഷവും നിയമ കമ്മീഷന്‍ ഇത് അവഗണിച്ചത് എന്തുകൊണ്ട്? ആദ്യമായി കുറ്റവാളിയാകുമ്പോള്‍ പിഴ ചുമത്തി രക്ഷപ്പെടാം, പക്ഷേ രണ്ടാമത് തവണ ആവര്‍ത്തിക്കുമ്പോഴും പിഴ മാത്രമേ ലഭിക്കൂ എന്നത് ശരിയല്ല. ജാതി അടിസ്ഥാനമാക്കിയുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് നടത്തുന്ന കേസുകളില്‍ കുറ്റവാളികള്‍ക്ക് നിര്‍ബന്ധിത ജയില്‍ ശിക്ഷ വേണം.’ കോടതി അഭിപ്രായപ്പെട്ടു.

പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. ജനുവരി അഞ്ചിന് ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്ലിം സമുദായത്തിനെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. ഈ കേസില്‍ കോട്ടയം സെഷന്‍സ് കോടതി പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. മുമ്പും പല തവണ പി സി ജോര്‍ജ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു.

LATEST NEWS
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍...