കൊച്ചി: ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് കണക്കിലെടുക്കാതെ ഭൂമി തരംമാറ്റാനുള്ള അപേക്ഷ നിരസിച്ച തിരൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസര്‍ക്ക് (ആര്‍ഡിഒ) 10,000 രൂപ പിഴചുമത്തി ഹൈക്കോടതി. മലപ്പുറം പൊന്നാനി സ്വദേശി എ ബി സുജയ്യയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് സി എസ് ഡയസിന്റേതാണ് ഉത്തരവ്.
ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിന് പൊന്നാനി വട്ടക്കുളം വില്ലേജില്‍ 12 സെന്റിലധികം സ്ഥലമുണ്ട്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കെട്ടിടം നിര്‍മിച്ചതാണ്. തുടര്‍ന്നാണ് തരംമാറ്റുന്നതിന് അപേക്ഷ നല്‍കിയത്. ഇത് നിഷേധിച്ചതിനെത്തുടര്‍ന്ന് കലക്ടര്‍ക്ക് അപ്പീല്‍ നല്‍കി. നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. എത്രയുംവേഗം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കലക്ടര്‍ അപേക്ഷ ആര്‍ഡിഒയ്ക്ക് കൈമാറി.
ഭൂമി ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാതെ ആര്‍ഡിഒ വീണ്ടും അപേക്ഷ തള്ളി. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ സ്ഥലം ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതും സമീപ സ്ഥലങ്ങള്‍ തരംമാറ്റാന്‍ ആര്‍ഡിഒ അനുമതി നല്‍കിയെന്നതും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരിക്ക് കോടതിയിലെത്തേണ്ട സാഹചര്യം സൃഷ്ടിച്ചത് നിഷേധാത്മക സമീപനത്തിന്റെ ഫലമായിട്ടാണെന്ന് വിലയിരുത്തിയാണ് പിഴ. ആര്‍ഡിഒ സ്വന്തംകൈയില്‍നിന്ന് ഹര്‍ജിക്കാരിക്ക് നേരിട്ട് പണം നല്‍കണം. അപേക്ഷയില്‍ നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനവുമെടുക്കണം.
![]()
![]()

















