സിഎംആര്‍എല്‍ കേസില്‍ പിണറായിക്ക് നിര്‍ണായകം; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

Oct 26, 2026

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ നടരാജന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയന്‍, മകള്‍ ടി വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് അപ്പീല്‍ നല്‍കിയിട്ടുള്ളത്.

തന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയനും വീണയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് സമീപിച്ചു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളി. തുടര്‍ന്ന് പിണറായിയും വീണയും മുഹമ്മദ് റിയാസും സുപ്രീംകോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി, പിണറായിയുടെ അപ്പീല്‍ വീണ്ടും പരിഗണിക്കാന്‍ ഉത്തരവിടുകയായിരുന്നു.

കേസിലെ വിജിലന്‍സ് അന്വേഷണം 10 ദിവസത്തേക്ക് തടയുകയും ചെയ്തിട്ടുണ്ട്. പിണറായി വിജയന്‍, മകള്‍ ടി. വീണ, മരുമകന്‍ പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് പുറമെ, പി. നിഖില്‍ കെ. വാരിസ്, ഷൈജല്‍, എം നന്ദുലാല്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയിട്ടുള്ളത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് പൂര്‍ണമായി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീംകോടതി ഉത്തരവ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. നേരത്തെ വാദം കേട്ട ജസ്റ്റിസുമാരായ കെ നടരാജന്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി വീണ്ടും കേള്‍ക്കുന്നത്.

2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിക്ക് സര്‍വീസ് ലീഗല്‍ എഗ്രിമെന്റ് വഴി പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപ സിഎംആര്‍എല്‍ നല്‍കിയിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിനുപുറമെ, ഐടി – മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി പ്രതിഫലമെന്ന നിലയില്‍ ഇതേ കാലയളവില്‍ വീണയ്ക്കും തുക ലഭിച്ചിരുന്നു. ആകെ 3.28 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LATEST NEWS