ആദിവാസി കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് പുഴ നീന്തിക്കടന്ന്; പാലം നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോടതി

Feb 27, 2024

ഭോപ്പാല്‍: മധ്യപ്രദേശിലെ ധാര്‍ സ്വദേശികളായ ആദിവാസി കുട്ടികള്‍ കോടശേരി നദിയിലൂടെ നീന്തിക്കടന്ന് സ്‌കൂളില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പാലം നിര്‍മിക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കാന്‍ ജില്ലാ കലക്ടറോടും പഞ്ചായത്ത് അധികൃതരോടും കോടതി നിര്‍ദേശിച്ചു. ധാറിലെ ആദിവാസി കുട്ടികള്‍ തങ്ങളുടെ സ്‌കൂളിലെത്താന്‍ നദി നീന്തിക്കടക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് പത്രവാര്‍ത്ത വന്നതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെടുന്നത്.

ഋഷബ് ഗുപ്ത എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ വിവേക് റുസിയ, അനില്‍ വര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. സ്ഥലം എംപിയുടെ വികസന ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ പാലം പണി എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് കോടതി ഉത്തരവ്.

ഭീല്‍ സമുദായത്തില്‍പ്പെട്ട 30 സ്‌കൂള്‍ കുട്ടികളാണ് സ്‌കൂളില്‍ പോകുന്നതിനായി ദിവസവും നദി നീന്തിക്കടക്കുന്നത്. ഇല്ലെങ്കില്‍ 10-12 കിലോമീറ്റര്‍ ദൂരം റോഡിലൂടെ ദിവസം നടന്ന് വേണം സ്‌കൂളിലെത്താന്‍. 2011 ല്‍ ജില്ലാപഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നദിയില്‍ കലുങ്ക് നിര്‍മിക്കുന്നതിന് പഞ്ചായത്തിനും ഗ്രാമവികസന വകുപ്പിനും നിര്‍ദേശം അയച്ചിരുന്നു. എന്നാല്‍, പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. തുക അനുവദിക്കുകയും ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്യേണ്ടതും സര്‍ക്കാരാണെന്നും കോടതി ഉത്തരവില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.

LATEST NEWS