കൊച്ചിയിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയെന്ന് പരാതി; വിവാദം

Oct 13, 2025

കൊച്ചി: കൊച്ചിയിലെ സ്‌കൂളില്‍ ഹിജാബ് വിവാദം. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി പരാതി. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലാണ് സംഭവം. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി.

കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിക്കുകയാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ജൂണ്‍-ജൂലൈ മാസത്തില്‍ രണ്ടു മൂന്നു ദിവസം കുട്ടി ഹിജാബ് ധരിച്ചെത്തിയിരുന്നുവെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നു.

എന്നാല്‍ സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച് മാനേജ്‌മെന്റ് തീരുമാനം പാലിക്കാന്‍ എല്ലാവരും മാധ്യസ്ഥരാണെന്നും, ഒരു കുട്ടി മാത്രം നിര്‍ദേശം പാലിക്കാത്തത് മറ്റുള്ളവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നാലു മാസത്തോളം കുട്ടി ഹിജാബ് ധരിക്കാതെ സ്‌കൂളിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തുന്നത്. തുടര്‍ന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കുട്ടിയെ വിലക്കിയത്.

ആരുടെയൊക്കെയോ പ്രേരണയാലാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തുന്നതെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ആരോപിക്കുന്നത്. ചിലര്‍ സ്‌കൂളിലെത്തി മനഃപൂർവം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇതേത്തുടര്‍ന്ന് മറ്റ് കുട്ടികള്‍ ഭീതിയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളിന് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

LATEST NEWS