കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കുടുംബശ്രീ ഹോട്ടൽ അടപ്പിച്ചു. സ്വകാര്യ വ്യക്തിക്ക് കാന്റീൻ കൈമാറാൻ വേണ്ടിയാണ് ഹോട്ടൽ അടപ്പിച്ചതെന്ന് ആരോപിച്ച് പ്രതിഷേധം ഉയർന്നു. മെഡിക്കൽ കോളേജിൽ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ഹോട്ടൽ ആണ് പൂട്ടിയത്. നാല് കുടുംബശ്രീ യൂണിറ്റുകൾ ചേർന്ന് നടത്തുന്ന ഹോട്ടലാണിത്. സ്വകാര്യ വ്യക്തി ടെണ്ടർ വിളിച്ച് ഹോട്ടൽ നടത്തിപ്പിന് അവകാശം നേടിയെന്ന് സൂപ്രണ്ട് പറഞ്ഞതായി കുടുംബശ്രീ അംഗങ്ങൾ പറയുന്നു. എന്നാൽ സൂപ്രണ്ടിന്റെ നടപടി വകവെയ്ക്കാതെ സിപിഎം കളമശേരി നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ ഹോട്ടലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നു.


















