തൊടുപുഴ: ആലടിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്നു ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. മദ്യലഹരിയിലായിരുന്ന സുരേഷ് അപകടം ഉണ്ടാകുന്നതിനു മുന്‍പ് വാഹനത്തില്‍നിന്നു ചാടുകയായിരുന്നു.
ശനിയാഴ്ച രാത്രി ഇടുക്കി ഉപ്പുതറയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെയാണു കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് നവീനയെ ആശുപത്രിയില്‍ എത്തിച്ചത്.
ഭാര്യയെ അപായപ്പെടുത്തുന്നതിനായി സുരേഷ് മനഃപൂര്‍വം അപകടമുണ്ടാക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ മദ്യ ലഹരിയിലുള്ള ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അപകടത്തില്‍പ്പെട്ട സ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് ഉപ്പുതറ പൊലീസ് പറഞ്ഞു.