ഡല്‍ഹി: 2025-26 വര്‍ഷത്തെ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ക്കായുള്ള പരീക്ഷാ കലണ്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (IBPS) പ്രസിദ്ധീകരിച്ചു. ഐബിപിഎസ് റിക്രൂട്ട്‌മെന്റ് 2025 പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in-ല്‍ പരീക്ഷാ കലണ്ടര്‍ പരിശോധിക്കാം.
പരീക്ഷാ കലണ്ടര്‍ അനുസരിച്ച് ഓഫീസര്‍ സ്‌കെയില്‍ 1 തസ്തികയിലേക്കുള്ള ഐബിപിഎസ് ആര്‍ആര്‍ബി പ്രിലിമിനറി പരീക്ഷ ജൂലൈ 27, ഓഗസ്റ്റ് 2, 3 തീയതികളില്‍ നടക്കും. ഓഫീസര്‍ സ്‌കെയില്‍ 1 നുള്ള ഐബിപിഎസ് ആര്‍ആര്‍ബി മെയിന്‍ പരീക്ഷ 2025 സെപ്റ്റംബര്‍ 13 നും ഓഫീസ് അസിസ്റ്റന്റ് പരീക്ഷ നവംബര്‍ 9 നുമാണ്. സ്‌കെയില്‍ 2, 3 എന്നിവയ്ക്കുള്ള ഓഫീസര്‍ മെയിന്‍ പരീക്ഷയും സെപ്റ്റംബര്‍ 13 ന് തന്നെയാണ്. ഓഫീസ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷ 2025 ഓഗസ്റ്റ് 30, സെപ്റ്റംബര്‍ 6, സെപ്റ്റംബര്‍ 7 തീയതികളില്‍ നടത്തുമെന്നും പരീക്ഷാ കലണ്ടര്‍ വ്യക്തമാക്കുന്നു.
വിവിധ ബാങ്കുകളില്‍ പ്രൊബേഷണറി ഓഫീസര്‍, മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ 4,5, 11 തീയതികളിലും മെയ്ന്‍ പരീക്ഷ നവംബര്‍ 29ന് നടത്തും. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ നവംബര്‍ 23നും മെയ്ന്‍ പരീക്ഷ അടുത്ത വര്‍ഷം ജനുവരി നാലിനുമാണ്. കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്‌സ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള പ്രിലിമിനറി പരീക്ഷ ഡിസംബര്‍ 6,17,13,14 തീയതികളിലാണ്. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിനാണ് മെയ്ന്‍ പരീക്ഷ.