തൊടുപുഴ: 2018-ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമില്‍നിന്ന് വീണ്ടും വെള്ളം തുറന്നുവിട്ടു. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവില്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവില്‍ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങി വൈകാതെ ഷട്ടര്‍ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി.
ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂള്‍ കര്‍വ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. മഴ കുറഞ്ഞാല്‍ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.
താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതര്‍ പറഞ്ഞു.
2403 അടി പരമാവധി ശേഷിയുള്ള ഇടുക്കി ഡാമില്‍ ചൊവ്വാഴ്ച രാവിലെ 2397.86 അടിയില്‍ ജലനിരപ്പ് എത്തിയതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. നിലവില്‍ 2398.04 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2398.02 അടി പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ആ അളവില്‍ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തണമെങ്കില്‍ ചുവപ്പ് ജാഗ്രത കഴിഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കണമെന്നാണ്.
ഡാം തുറക്കുന്നതിന്റെ മുന്നോടിയായി വെള്ളാപ്പാറയിലുള്ള ഡിടിപിസി ഗസ്റ്റ് ഹൗസില്‍ മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, എന്നിവരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ മാത്രമേ വെള്ളം തുറന്നുവിടാനുള്ള ഷട്ടര്‍ സംവിധാനമുള്ളൂ. ഇടുക്കി ആര്‍ച്ച് ഡാമിനും പദ്ധതിയിലെ മൂന്നാമത്തെ അണക്കെട്ടായ കുളമാവ് ഡാമിനും ഷട്ടറുകളില്ല.