ചലച്ചിത്രമേള നാളെ മുതൽ; ലതാ മങ്കേഷ്കറിന് ശ്രദ്ധാഞ്ജലിയോടെ തുടക്കം

Mar 17, 2022

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. വൈകിട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. ഐഎസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും.

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് ഗായത്രി അശോകനും സൂരജ് സാത്തെയും ചേർന്ന് ഒരുക്കുന്ന ശ്രദ്ധാഞ്ജലിയോടെ ആണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുന്നത്.ബംഗ്ലദേശിലെ സ്വകാര്യ മെഡിക്കൽ കോളജ് അധ്യാപികയായ രഹനയുടെ ജീവിത പോരാട്ടത്തിന്റെ കഥ പറയുന്ന ‘രഹന മറിയം നൂർ’ ആണ് ഉദ്ഘാടന ചിത്രം. ഓസ്കർ നോമിനേഷൻ, കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ആദ്യ ബംഗ്ലദേശി ചിത്രം എന്നീ ബഹുമതികൾ നേടിയ ഈ സിനിമയുടെ സംവിധായകൻ അബ്‍ദുള്ള മുഹമ്മദ് സാദാണ്. ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് ഇത്.

മേളയ്ക്കു നിറം പകരാൻ ടഗോർ തിയറ്ററിലും നിശാഗന്ധിയിലും വൈകുന്നേരം സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.നാളെ ലതാ മങ്കേഷ്‌കറിനുള്ള ശ്രദ്ധാഞ്ജലിയായി പിന്നണി ഗായിക ഗായത്രി അശോകനും, അക്കോഡിയനിസ്റ്റ് സൂരജ് സാത്തെയും അവതരിപ്പിക്കുന്ന ഗാനാഞ്ജലിയോടെയാണ് സാംസ്കാരിക സന്ധ്യകൾക്കു തുടക്കം.19നു ടഗോർ തിയറ്ററിൽ ഷഹബാസ് അമന്റെ സംഗീത സദസ്സും 21നു ഗോത്രകലാമേളയും 23നു പുഷ്പവതിയുടെ കർണാടിക് ഫ്യൂഷനും 24നു നവനീത ചന്ദ്രിക എന്ന ഗാനാഞ്ജലിയും നടക്കും. 25നു നിശാഗന്ധിയിൽ മധുശ്രീ നാരായണൻ, രാജലക്ഷ്മി എന്നിവരുടെ ഫ്യൂഷൻ ഗാനസന്ധ്യയോടെ ആണ് സമാപനം.

ഐഎസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന്റെ ‘ലാംഗ്വേജ് ഓഫ് മൗണ്ടൻ’ ഉൾപ്പെടെ 38 വനിതകളുടെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലെ പകുതി ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണ്. വാർധക്യത്തിന്റെ ആകുലതകൾ തുറന്നു കാട്ടുന്ന 9 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. നാടുവിട്ടു പോയ മകനെ കാത്തിരിക്കുന്ന വയോധിക പിതാവിന്റെ വേദനകളുടെ കഥപറയുന്ന കെ.എസ്.സേതുമാധവൻ ചിത്രം ‘മറുപക്കം’ മുതൽ ചൂതാട്ടക്കാരുടെ സംഘത്തിൽ നിന്നു മകനെ രക്ഷിക്കാനിറങ്ങുന്ന പിതാവിന്റെ വേദനകൾ പങ്കുവയ്ക്കുന്ന ജോർജിയൻ ചിത്രം ‘ബ്രൈറ്റൻ ഫോർത്ത്’ വരെ ഇതിൽ ഉൾപ്പെടുന്നു.

മേളയുടെ ഡെലിഗേറ്റ് സെൽ മുൻ സ്‌പീക്കർ എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നടൻ സൈജുകുറുപ്പ് ആദ്യ പാസും ഡെലിഗേറ്റ് കിറ്റും ഏറ്റുവാങ്ങി. ടഗോർ തിയറ്ററിലെ ഡെലിഗേറ്റ് സെല്ലിൽ പാസ് വിതരണത്തിനായി 12 കൗണ്ടറുകളാണ് ഉള്ളത്. ഓൺലൈൻ റിസർവേഷൻ നാളെ ആരംഭിക്കും. www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേസ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യുന്ന ഐഎഫ്എഫ്കെ ആപ്പ് വഴിയോ പ്രതിനിധികൾക്ക് ചിത്രങ്ങൾ റിസർവ് ചെയ്യാം. 24 മണിക്കൂറിനു മുൻപ് ബുക്കുചെയ്യണം.

cake tower new
LATEST NEWS