കൊളംബോ: ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പോരാട്ടമായ ഇന്ത്യ- പാകിസ്ഥാന് മത്സരത്തിനു കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്ത. മത്സരം നടക്കുന്ന കാന്‍ഡിയിലെ പല്ലക്കീലില്‍ ഇന്ന് മഴ ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ കാന്‍ഡിയില്‍ തെളിഞ്ഞ കാലാവസ്ഥയാണ്. ആകാശം മേഘാവൃതമായി കാണുമെങ്കിലും മഴ പ്രവചനം ഇല്ല. തെളിഞ്ഞ കാലാവസ്ഥയാണെന്നും മത്സരം നടക്കുമെന്നാണ് കരുതുന്നതെന്നും നാട്ടുകാരനായ ഒരു ക്രിക്കറ്റ് ആരാധകന് പ്രതീക്ഷ പങ്കിട്ടു. ഇന്ത്യയുടെ ജയം കാണാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യ കപ്പിലെ ആദ്യ പോരിനാണ് ഇന്ത്യ ഇറങ്ങുന്നത്. പാകിസ്ഥാന് ആദ്യ പോരാട്ടത്തില്‍ നേപ്പാളിനെ തകര്‍ത്താണ് വരുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മുതലാണ് പോരാട്ടം. ഇടവേളയ്ക്ക് ശേഷമാണ് ചിരവൈരികള്‍ ഏകദിനത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്.

















