തിരുവനന്തപുരം: ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരവുമായി ബന്ധപ്പെട്ട് കാണികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഔദ്യോഗികമായി നടപടികൾ ആരംഭിച്ചു. മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ട കുടിവെള്ള അമിത വില ഈടാക്കിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശിക്കപ്പെട്ടത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ക്രിക്കറ്റ് ആരാധകർക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത്തരം പരാതികൾ ഉണ്ടായതിനെ അസോസിയേഷൻ ഗൗരവകരമായി കണക്കാക്കുന്നു.
അന്താരാഷ്ട്ര മത്സരങ്ങളുടെ പാനീയങ്ങളുടെ സ്പോൺസറെ ബിസിസിഐ ആണ് നിശ്ചയിക്കുന്നത്. ബിസിസിഐ കരാറിൽ വിൽക്കേണ്ട പാനീയങ്ങളുടെ വില കൃത്യമായി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് 200 മില്ലി ലിറ്റർ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റർ എനർജി ഡ്രിങ്ക് അല്ലെങ്കിൽ ജ്യൂസ് എന്നിവയ്ക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരുന്നത്. ഈ നിരക്കുകൾ സ്റ്റേഡിയത്തിലെ എല്ലാ സ്റ്റാളുകളിലും എല്ലാവർക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും, കാണികളുടെ എണ്ണത്തിന് ആനുപാതികമായ സ്റ്റോക്ക് കരുതണമെന്നും കരാർ ഏറ്റെടുത്ത ഏജൻസിക്ക് കർശന നിർദ്ദേശം നൽകിയിരുന്നതാണ്.
പരിസ്ഥിതി സൗഹൃദമായ ‘ഗ്രീൻ പ്രോട്ടോക്കോൾ’ പാലിച്ച് വേണം സേവനങ്ങൾ നൽകാനെന്ന് ഏകോപന യോഗങ്ങളിൽ കെസിഎ പ്രത്യേകം ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ കളിക്കിടെ ചിലയിടങ്ങളിൽ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കി ചൂഷണം നടന്നതായുള്ള പരാതികൾ ശ്രദ്ധയിൽപെട്ടു. കേരള ക്രിക്കറ്റ് അസോസിയേഷൻ ഈ പരാതികളെക്കുറിച്ച് ബിസിസിഐ അറിയിച്ചിട്ടുണ്ട്. നടപടികൾ എടുക്കുമെന്ന് ബിസിസിഐ മറുപടി നൽകിയെന്നും കെസിഎ വ്യക്തമാക്കി.
ഇക്കാര്യത്തിൽ ഏജൻസിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കുമെന്നും കാണികൾക്കുണ്ടായ അസൗകര്യത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും കെസിഎ അറിയിച്ചു. വരും കാലങ്ങളിൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.



















