123 ശതമാനം വര്‍ധന, ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായി; ആഗോള തലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

Dec 9, 2024

seena

ആഗോള തലത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുതാഴെ ഇന്ത്യയാണെന്ന് ‘UBS’ Billionaire Ambitions’ റിപ്പോര്‍ട്ട് പറയുന്നു.

835 ശതകോടീശ്വരന്മാരുമായി അമേരിക്കയാണ് മുന്നിട്ടുനില്‍ക്കുന്നത്. 427 പേരുമായി രണ്ടാം സ്ഥാനത്താണ് ചൈന. ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 2024ല്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് ഉണ്ടായത്. ഒരു വര്‍ഷത്തിനുള്ളില്‍ 32 പുതിയ പേരുകള്‍ കൂടി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. രാജ്യത്ത് മൊത്തം 185 ശതകോടീശ്വരന്മാരാണ് ഉള്ളത്.

ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഒരു വര്‍ഷം കൊണ്ട് 21 ശതമാനം വര്‍ധന. 2015 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലധികമായി. 123 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 42.1 ശതമാനമാണ് ഉയര്‍ന്നത്. മൊത്തം സമ്പത്ത് 90,560 കോടി ഡോളറിലെത്തി. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക കുതിച്ചുചാട്ടവും ആഗോള സമ്പത്ത് സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതും ഈ വളര്‍ച്ചയ്ക്ക് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കയിലും ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായി. 2024-ല്‍ 84 പേരാണ് പുതുതായി പട്ടികയില്‍ ഇടംപിടിച്ചത്. മൊത്തം സമ്പത്ത് 4.6 ലക്ഷം കോടി ഡോളറില്‍ നിന്ന് 5.8 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു. എന്നാല്‍ ചൈനയില്‍ മൊത്തം സമ്പത്ത് കുറഞ്ഞു. ചൈനയിലെ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 1.8 ലക്ഷം കോടി ഡോളറില്‍ നിന്ന് 1.4 ലക്ഷം കോടി ഡോളറായി കുറഞ്ഞു. ഇതിന്റെ ഫലമായി 93 പേര്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ നിന്ന് പുറത്തായി.

cake tower new
LATEST NEWS