ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാരക്കരാര്‍: അന്തിമ രൂപം ഇന്ന് പ്രഖ്യാപിക്കും

Jan 27, 2026

ന്യൂഡല്‍ഹി: ലോകത്തെ വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ( ഇയു) സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ രൂപം ഇന്നു പ്രഖ്യാപിക്കും. ഇന്ത്യാ- ഇയു ഉച്ചകോടിയില്‍ വെച്ചാകും പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി അധികൃതര്‍ സൂചിപ്പിച്ചു.

നീണ്ട 18 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ അന്തിമ രൂപത്തിലെത്തിയത്. അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയനുമായുള്ള എഫ്ടിഎ ചര്‍ച്ച ഇന്ത്യ വേഗത്തിലാക്കിയത്. കരാര്‍ ഈ വര്‍ഷം അവസാനം ഒപ്പിട്ടേക്കും.

അടുത്ത വര്‍ഷം മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. കരാറുകളില്‍ ഇരുകൂട്ടരും തമ്മില്‍ വ്യാപാരം നടത്തുന്ന ഉത്പന്നങ്ങളുടെ 90 ശതമാനത്തിലധികം എണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യും. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ 110 ശതമാനത്തില്‍ നിന്നും 40 ശതമാനമായി കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ കരാറിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം മാത്രം മതിയാകും. എന്നാല്‍ കരാര്‍ പ്രഖ്യാപിച്ചാലും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. 2007ല്‍ ആരംഭിച്ച് 2022ല്‍ പുനഃരാരംഭിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തിയത്. കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തെയും നിക്ഷേപത്തെയും മുന്നോട്ട് നയിക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.

LATEST NEWS