ദുബായ്: ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ നാലുപാടു നിന്നു വന്നപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ താരങ്ങളോടു കളിയില്‍ മാത്രം ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു. താരങ്ങള്‍ അക്ഷരംപ്രതി കാര്യങ്ങള്‍ കളത്തില്‍ നടപ്പാക്കി. ആദ്യം ബൗളര്‍മാരും പിന്നാലെ ബാറ്റര്‍മാരും മിന്നും പ്രകടനവുമായി കളം വാണു. ഫലം, ഏഷ്യാ കപ്പ് ടി20യിലെ ബ്ലോക്ക് ബസ്റ്റര്‍ പോരില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ ഉജ്ജ്വല വിജയം പിടിച്ചു. ബാറ്റിങിലും ബൗളിങിലും പാക് ടീമിനെ അക്ഷരാര്‍ഥത്തില്‍ ഇന്ത്യ നിഷ്പ്രഭമാക്കി. പാകിസ്ഥാന്‍ ഉയര്‍ത്തിയ ദുര്‍ബല ലക്ഷ്യം ഇന്ത്യ വെറും 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യന്‍ ജയം 7 വിക്കറ്റിന്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ത്യയുടെ മറുപടി 15.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വന്നു. ഇന്ത്യ 131 റണ്‍സാണ് അടിച്ചത്. ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിലേക്ക് മുന്നേറി. തുടരെ രണ്ട് ജയങ്ങളുമായാണ് ഇന്ത്യ അടുത്ത ഘട്ടമുറപ്പിച്ചത്.
ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി ഷഹീന്‍ അഫ്രീദിയെറിഞ്ഞ ഒന്നാം ഓവറില്‍ ആദ്യ പന്ത് ഫോറടിച്ചും രണ്ടാം പന്ത് സിക്‌സ് തൂക്കിയും അഭിഷേക് മിന്നല്‍ തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 22ല്‍ എത്തിയപ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. താരം 10 റണ്‍സെടുത്തു. സ്‌കോര്‍ 41ല്‍ എത്തിയപ്പോള്‍ അഭിഷേകും പുറത്തായി. സയം അയുബാണ് ഓപ്പണര്‍മാരെ രണ്ട് പേരേയും പുറത്താക്കിയത്.
അഭിഷേക് 13 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 31 റണ്‍സ് കണ്ടെത്തി. പിന്നീട് തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്നു സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോയി. സഖ്യം അര്‍ധ സെഞ്ച്വറി നേടിയതിനു പിന്നാലെ തിലകും പുറത്തായി. താരം 31 പന്തില്‍ ഒരു സിക്‌സും 2 ഫോറും സഹിതം 31 റണ്‍സ് കണ്ടെത്തി.
ഒടുവിൽ സിക്സർ തൂക്കി സൂര്യകുമാർ യാദവ് ഇന്ത്യൻ ജയം സ്റ്റൈലായി തന്നെ അവസാനിപ്പിച്ചു. 37 പന്തിൽ 5 ഫോറും ഒരു സിക്സും സഹിതം 47 റൺസെടുത്തു സൂര്യകുമാർ ടോപ് സ്കോററായി പുറത്താകാതെ നിന്നു. 7 പന്തിൽ 10 റൺസുമായി ശിവം ദുബെയും ജയം തൊടുമ്പോൾ ക്യാപ്റ്റനൊപ്പം ക്രീസിലുണ്ടായിരുന്നു.
അഞ്ചാം സ്ഥാനത്ത് ബാറ്റിങിനെത്തിയത് സഞ്ജു സാംസണ്‍ ആയിരുന്നില്ല. ശിവം ദുബെയാണ് വന്നത്. സൂര്യകുമാറിനൊപ്പം ചേര്‍ന്നു ദുബെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ജയത്തിലെത്തിച്ചു.