ഹൈദരാബാദ്: ചികിത്സയ്‌ക്കെത്തിയ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച മനശാസ്ത്രജ്ഞ ജീവനൊടുക്കി. ഹെദരാബാദിലെ ബെഞ്ചാര ഹില്‍സിലാണ് സംഭവം. മാനസിക പീഡനത്തെത്തുടര്‍ന്നാണ് 33 കാരിയായ ഡോക്ടര്‍ രഞ്ജിത ജീവനൊടുക്കിയത്. നാലു നിലക്കെട്ടിടത്തില്‍ നിന്നും താഴേക്കു ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. ബെഞ്ചാര ഹില്‍സിലെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഡോക്ടര്‍ രഞ്ജിത ജോലി ചെയ്തുവന്നിരുന്നത്.
ഡോക്ടര്‍ രഞ്ജിത ജോലി ചെയ്തിരുന്ന മാനസികാരോഗ്യ കേന്ദ്രത്തില്‍ മനശാസ്ത്ര ചികില്‍സയ്ക്കായിട്ടാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ രോഹിത് എത്തിയത്. രഞ്ജിതയുടെ ചികില്‍സയില്‍ രോഹിതിന് പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി. ക്രമേണ ഡോക്ടറുമായി അടുത്ത രോഹിത്, രഞ്ജിതയോട് വിവാഹാഭ്യര്‍ഥന നടത്തി. കുടുംബാംഗങ്ങള്‍ സമ്മതം മൂളിയതോടെ ഇവരുടെ വിവാഹം നടന്നു.
എന്നാല്‍ വിവാഹം കഴിഞ്ഞതിന് പിന്നാലെ രഞ്ജിത ജോലിക്ക് പോകുന്നത് രോഹിത് വിലക്കി. കിട്ടുന്ന ശമ്പളത്തിന് രഞ്ജിത ധൂര്‍ത്തടിക്കുന്നുവെന്ന് കുറ്റപ്പെടുത്തി. പിന്നീട് ഹൈദരാബാദിലെ പ്രശസ്തമായ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റായി രഞ്ജിത ജോലിയില്‍ പ്രവേശിച്ചു. ഇതിനും രോഹിത് തടസം നിന്നു. ഇത്തരത്തില്‍ മുന്നോട്ടു പോകാനാവില്ലെന്ന് രഞ്ജിത അറിയിച്ചതോടെ ശാരീരിക ഉപദ്രവം ആരംഭിച്ചതായി കുടുംബം പറയുന്നു.
രഞ്ജിതയോട് രോഹിതും കുടുംബവും പണം ആവശ്യപ്പെടും. നല്‍കാതിരുന്നാല്‍ മര്‍ദ്ദനമായിരുന്നെന്നും വീട്ടുകാര്‍ വെളിപ്പെടുത്തി. രോഹിതിനൊപ്പം മാതാപിതാക്കളും സഹോദരനും പീഡനം തുടങ്ങിയതോടെ രഞ്ജിത കടുത്ത മനപ്രയാസത്തിലായി. ജൂലൈ 16ന് ഉറക്ക ഗുളിക കഴിച്ച് രഞ്ജിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൃത്യസമയത്ത് ചികില്‍സ ലഭിച്ചതിനാല്‍ മാത്രം ജീവന്‍ തിരിച്ചു കിട്ടി. സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയെത്തിയ രഞ്ജിത ജൂലൈ 28ന് നാലുനിലക്കെട്ടിടത്തിലെ ബാത്‌റൂം ജനാലയിലൂടെ ചാടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രഞ്ജിത ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വനിതാ യുവ ഡോക്ടറുടെ മരണത്തില്‍ ആത്മഹത്യാപ്രേരണയ്ക്ക് ഭര്‍ത്താവ് രോഹിതിനും കുടുംബത്തിനുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.