അബുദാബി: ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയതിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് 19 കാരനായ കാര്‍ത്തിക് ശര്‍മ. ഐപിഎല്‍ ചരിത്രത്തില്‍ വന്‍ തുക ലഭിക്കുന്ന അണ്‍ക്യാപ്ഡ് പ്ലെയറാണ് കാര്‍ത്തിക് ശര്‍മ.
30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ലേലത്തില്‍ എത്തിയ കാര്‍ത്തിക്കും ഉത്തര്‍പ്രദേശിന്റെ പ്രശാന്ത് വീറിനും 14.2 ലേല തുകയാണ് ലഭിച്ചത്. ‘ലേലം ആരംഭിച്ചപ്പോള്‍, എനിക്ക് അവസരം നഷ്ടമായേക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. പിന്നീട് ലേല തുക കൂടുമ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങി,’ ജിയോഹോട്ട്സ്റ്റാറിന്റെ റിലീസില്‍ താരം പറഞ്ഞു.
‘ലേലം അവസാനിച്ചതിനുശേഷവും എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. സങ്കടവും സന്തോഷവും കൊണ്ട് ഞാന്‍ മതിമറന്നു, അത് എങ്ങനെ വാക്കുകളില്‍ വിവരിക്കണമെന്ന് എനിക്കറിയില്ല,’ രാജസ്ഥാനില്‍ നിന്നുള്ള വിക്കറ്റ് കീപ്പിങ് ബാറ്റര്‍ കാര്‍ത്തിക് ശര്‍മ പറഞ്ഞു.
ചെന്നൈയില്‍ മഹേന്ദ്ര സിങ് ധോനിക്കൊപ്പം കളിക്കാന്‍ സാധിക്കുന്നതിന്റെ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ സാധിക്കുന്നതിന്റെയും ആവേശത്തിലാണ് താനെന്നും കാര്‍ത്തിക്ക് പറഞ്ഞു. ‘എന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു, അവരുടെ പിന്തുണയില്ലെങ്കില്‍, ഞാന്‍ ഈ ഘട്ടത്തിലെത്തുമായിരുന്നില്ലെന്ന് ഞാന്‍ കരുതുന്നു, എന്റെ കുടുംബം വളരെ സന്തോഷത്തിലാണ്, എല്ലാവരും ആഘോഷിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു.’ കാര്‍ത്തിക് പറഞ്ഞു.



















