ബംഗളൂരു: ഐപിഎല്‍ പുതിയ സീസണിലെ പോരാട്ടങ്ങള്‍ ഈ മാസം 28 മുതല്‍. മെയ് 31നാണ് ഫൈനല്‍. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം. ഫൈനലും ചിന്നസ്വാമിയില്‍ തന്നെ അരങ്ങേറും.
ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആണ് കളിക്കാനിറങ്ങുക. സാധാരണയായി നിലവിലെ ചാംപ്യന്‍മാരാണ് ഉദ്ഘാടന മത്സരം കളിക്കാറുള്ളത്. ആര്‍സിബിയുടെ ആദ്യ മത്സരത്തിലെ എതിരാളികള്‍ ആരാണെന്നു തീരുമാനം ആയിട്ടില്ല.

ഐപിഎല്‍ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടിട്ടില്ല. 20 ദിവസത്തെ മത്സരക്രമമാണ് ആദ്യം പുറത്തുവിടുക. അതിനു ശേഷമായിരിക്കും രണ്ടാം ഘട്ട മത്സരങ്ങളുടെ പട്ടിക വരിക. ഷെഡ്യൂള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നു ബിസിസിഐ സെക്രട്ടറി ജേവ്ജിത് സൈകിയ വ്യക്തമാക്കി.
ചിന്നസ്വാമിയില്‍ വീണ്ടും ക്രിക്കറ്റ് ആരവം
അവസാന സീസണില്‍ ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്കു പിന്നാലെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിനു ശേഷമാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വീണ്ടും ഐപിഎല്‍ ആരവങ്ങള്‍ തിരിച്ചെത്തുന്നത്. ഉദ്ഘാടന ആഘോഷങ്ങളും ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്‌റ്റേഡിയം. ഈ സീസണില്‍ ടീമിന്റെ 5 ഹോം പോരാട്ടങ്ങള്‍ ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്. രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ക്കും ഐപിഎല്‍ ഫൈനലിനും ചിന്നസ്വാമി സ്‌റ്റേഡിയം തന്നെയാണ് വേദിയാകുന്നത്.
ആര്‍സിബിയുടെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിജയാഹ്ലാദങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. പിന്നാലെ സ്‌റ്റേഡിയത്തിനു വിലക്കു വന്നു.
പിന്നീട് കര്‍ണാടക സര്‍ക്കാരാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി സ്‌റ്റേഡിയത്തിന്റെ വിലക്ക് മാറ്റിയത്. സ്‌റ്റേഡിയത്തിന്റെ സുരക്ഷയും കാണികളുടെ സുരക്ഷയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നു ജസ്റ്റിസ് കുന്‍ഹ നയിച്ച സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ വിലക്ക് ഒഴിവാക്കിയത്. ഇതോടെയാണ് ചിന്നസ്വാമിയില്‍ മത്സരം നടത്താനുള്ള അനുമതി ലഭിച്ചത്.


















