അബുദാബി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ യുഎഇക്ക് എതിരായ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ഇറാന് ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്കുന്ന ഷെയ്ഖ് ഷഖ്ബൗട്ട് മെഡിക്കല്‍ സിറ്റിയില്‍ ആയിരുന്നു യുഎഇ പ്രസിഡന്റ് എത്തിയത്. ചികിത്സയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിച്ച അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
രോഗികളുടെ അവസ്ഥ പരിശോധിക്കുകയും അവരുമായും അവരുടെ കുടുംബാംഗങ്ങളുമായും സംസാരിക്കാനും ഷെയ്ഖ് മുഹമ്മദ് തയ്യാറായി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. രോഗികള്‍ക്ക് നല്കുന്ന പരിചരണത്തിന് മെഡിക്കല്‍ സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു. യുഎഇ പ്രസിഡന്റിന്റെ ആശുപത്രി സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. ഭരണാധികാരിയുടെ ഇടപെടലിനെ പ്രശംസിച്ച് നിരവധി പേരാണ് ഫോട്ടോയുള്‍പ്പെടെ പങ്കുവച്ചിരിക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ യുഎഇക്ക് എതിരെ വലിയ തോതിലുള്ള ആക്രമണമാണ് ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. രാജ്യത്തുണ്ടായ ആക്രമണങ്ങളില്‍ പാകിസ്ഥാന്, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളായ മൂന്നുപേര്‍ക്ക് ജീവന് നഷ്ടമായി. വിവിധ രാജ്യക്കാരായ നൂറിലധികം പേര്‍ക്ക് നിസാര പരുക്കുകളേറ്റതായും മന്ത്രാലയം സ്ഥിരീകരിച്ചു. പരുക്കേറ്റവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.
ഇസ്രയേലും യുഎസും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ ആസ്തികള്‍ ലക്ഷ്യമിടുന്ന ഇറാന്റെ നീക്കത്തില്‍ വെള്ളിയാഴ്ച വരെ യുഎഇ നേരിട്ടത് ആയിരത്തോളം വ്യോമാക്രമണ ശ്രമങ്ങള്‍. ശനിയാഴ്ച മുതല്‍ രൂക്ഷമായ സംഘര്‍ഷത്തില്‍ ഇതുവരെ യുഎഇ ലക്ഷ്യമാക്കിയെത്തിയത് 194 മിസൈലുകളും 812 ഡ്രോണുകളുമാണെന്ന് യുഎഇ വ്യോമ പ്രതിരോധ വിഭാഗം അറിയിച്ചു. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സാധിച്ചതായും യുഎഇ അധികൃതര്‍ അറിയിച്ചു.

















