റിമാൻഡ് തടവുകാരനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി

Nov 20, 2023

റിമാൻഡ് തടവുകാരനെ പൊലീസുകാർ ജയിലിൽ വെച്ച് പൊള്ളിച്ചതായി പരാതി. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനായ ലിയോൺ ജോൺസൺ ആണ് കോടതിയെ സമീപിച്ചത്. ഉദ്യോഗസ്ഥർ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചുവെന്നും ചികിത്സ നിഷേധിച്ചെന്നും ഇയാൾ കോടതിയിൽ സമർപ്പിച്ച പരാതിയിൽ ആരോപിക്കുന്നു.

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ട കേസിലെ പ്രതിയാണ് ലിയോൺ ജോൺസൺ. കൂടാതെ മറ്റ് നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡ് തടവുകാരനായി കഴിയുകയാണ് ഇയാൾ. ജയിലിന്റെ വാച്ച് ടവറിലേക്ക് വിളിച്ചുവരുത്തിയ ശേഷം മൂന്ന് ജീവനക്കാർ ക്രൂരമായി മർദിക്കുകയും ചൂടുവെള്ളം ഒഴിക്കുകയും ചെയ്തുവെന്നാണ് ഇയാളുടെ ആരോപണം.

ഗുരുതരമായി പൊള്ളലേറ്റ തനിക്ക് ചികിത്സ നിഷേധിച്ചു. കൂടാതെ, സംഭവം പുറത്ത് പറഞ്ഞാൽ കൂടുതൽ കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും തിരുവനന്തപുരം സെഷൻസ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. ഷർട്ട് ധരിക്കാതെയാണ് ഇന്ന് ഇയാൾ കോടതിയിൽ എത്തിയത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാളുടെ ബന്ധുക്കൾ നേരത്തെ മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു.

LATEST NEWS